ടാറ്റ ക്രൂസിബിള്‍ കോര്‍പ്പറേറ്റ് ക്വിസ് ഇത്തവണ ഓണ്‍ലൈന്‍ രൂപത്തില്‍. രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 20 വരെ

Posted on: October 13, 2020

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ക്വിസ് മത്സരമായ ടാറ്റ ക്രൂസിബിള്‍ കോര്‍പ്പറേറ്റ് ക്വിസിന്റെ പതിനേഴാം എഡിഷന്‍ ഓണ്‍ലൈന്‍ രൂപത്തില്‍ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 20 വരെ രജിസ്‌ട്രേഷന്‍ നടത്താം.

പുതിയ സാഹചര്യത്തില്‍ ഇതാദ്യമായി വിര്‍ച്വല്‍ രൂപത്തിലാണ് ടാറ്റ ക്രൂസിബിള്‍ ക്വിസ് സംഘടിപ്പിക്കുന്നത്. ടാറ്റ കമ്പനികള്‍ക്ക് പുറമേ മറ്റ് കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നുള്ളവര്‍ കൂടി പങ്കെടുക്കുന്ന ടാറ്റ ക്രൂസിബിള്‍ ക്വിസില്‍ ഈ പ്രാവശ്യം ടീമുകള്‍ക്കു പകരം വ്യക്തിഗതമായും പങ്കെടുക്കാന്‍ അവസരമുണ്ട്.

ഇന്ത്യയൊട്ടാകെയുള്ള ക്വിസ് മത്സരത്തില്‍ 12 ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും മത്സരം. രണ്ടു തലത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ പ്രാഥമിക മത്സരങ്ങള്‍ക്കു ശേഷം ഓരോ ക്ലസ്റ്ററില്‍ നിന്നും 12 പേരെ വൈല്‍ഡ് കാര്‍ഡ് ഫൈനലിലും ഇവരില്‍നിന്ന് ആറുപേര്‍ ക്ലസ്റ്റര്‍ ഫൈനലിലും മത്സരിക്കും. ഓരോ ക്ലസ്റ്റര്‍ ഫൈനലിലും ഏറ്റവും കൂടിയ സ്‌കോര്‍ നേടുന്നവരായിരിക്കും വിജയി. ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ നേടുന്നവരെ റണ്ണര്‍ അപ് ആയി തെരഞ്ഞെടുക്കും. ക്ലസ്റ്റര്‍ ഫൈനലില്‍ വിജയികള്‍ക്കും റണ്ണര്‍ അപ്പുകള്‍ക്കും യഥാക്രമം 35,000 രൂപയും 18,000 രൂപയും സമ്മാനമായി നല്കും.

12 ക്ലസ്റ്റര്‍ ഫൈനല്‍സിലെ വിജയികള്‍ രണ്ട് ഫൈനലുകളിലായി വീണ്ടും മത്സരിക്കും. മുന്നിലെത്തുന്ന ആറ് വിജയികള്‍ക്ക് ദേശീയ ഫൈനലില്‍ മത്സരിക്കാം. ഡിസംബറില്‍ നടക്കുന്ന ദേശീയ ഫൈനല്‍ മത്സരത്തിലെ വിജയിക്ക് രണ്ടര ലക്ഷം രൂപയും ടാറ്റ ക്രൂസിബിള്‍ ട്രോഫിയും സമ്മാനമായി നേടാം. ടാറ്റ ക്ലിക് ആണ് ഈ വര്‍ഷത്തെ സമ്മാനങ്ങള്‍ നല്കുന്നത്.

ടാറ്റ ക്രൂസിബിള്‍ ബിസിനസ് ക്വിസ് പുതിയ സാഹചര്യം പരിഗണിച്ച് ഓണ്‍ലൈന്‍ രൂപത്തിലാണ് ഇപ്രാവശ്യം മത്സരങ്ങല്‍ സംഘടിപ്പിക്കുന്നതെന്ന് ടാറ്റ സര്‍വീസസ് കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് അതുല്‍ അഗ്രവാള്‍ പറഞ്ഞു. ഊര്‍ജ്ജസ്വലവും സജീവവുമായ രീതിയില്‍ സംഘടിപ്പിക്കുന്ന ക്വിസില്‍ ഇന്ത്യയുടെ വിദൂര സ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്കു പോലും പങ്കെടുക്കാന്‍ സാധിക്കുമെന്നതുകൊണ്ടുതന്നെ മാത്സര്യം വര്‍ദ്ധിക്കും. പുതിയ രൂപത്തിലുള്ള ക്വിസിനെ എല്ലാവരും സ്വീകരിക്കുമെന്നും ഉത്സാഹഭരിതമായ പങ്കാളിത്തം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പിക്‌ബ്രെയിന്‍ എന്നറിയപ്പെടുന്ന പ്രമുഖ ക്വിസ് മാസ്റ്റര്‍ ഗിരി ബാലസുബ്രമണ്യമാണ് ഓണ്‍ലൈന്‍ രൂപത്തിലുള്ള ക്വിസ് മത്സരത്തിന്റെയും ക്വിസ് മാസ്റ്റര്‍.

www.tatacrucible.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസിംഗ് യുദ്ധമായ ടാറ്റ ക്രൂസിബിള്‍ കോര്‍പ്പറേറ്റ് ക്വിസ് 2020-ല്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ അറിയുന്നതിനും സാധിക്കും

TAGS: Tata Crusible' |