ജ്യോതി എൻജിനീയറിംഗ് കോളജിൽ ടാറ്റാ ഇൻകുബേഷൻ സെന്റർ

Posted on: September 2, 2020

തൃശൂര്‍: ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ടാറ്റാ ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നു. ടാറ്റയുടെ നൂതന സാങ്കേതികമേഖലകളില്‍ പരിശീലനം നല്‍കുന്നതിനു ടാറ്റ ടെക്‌നോളജിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേര്‍ന്നു നടത്തുന്ന സംയുക്തസംരംമാണിത്.

ഇന്ത്യയിലെ ആറാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തയും പരിശീലന കേന്ദ്രമാണു ടാറ്റ ജ്യോതിയില്‍ സ്ഥാപിക്കുന്നത്. കെട്ടിട സൗകര്യങ്ങള്‍ക്കു പുറമേ, 30 കോടി രൂപയുടെ പദ്ധതിയാണിത്. ഇതിന്റെ 90 ശതമാനവും ടാറ്റ ടെക്‌നോളജിയാണു വഹിക്കുന്നത്. ശേഷിച്ച തുക ജ്യോതി മുതല്‍മുടക്കും. ടാറ്റയും ജ്യോതിയും ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.

നാളെയുടെ സാങ്കേതിക നേതാക്കളെ വാര്‍ത്തെടുക്കാനാണു ടാറ്റ ഈ പദ്ധതിക്കു തയാറായതെന്നു ടാറ്റ പ്രസിഡന്റ് ആനന്ദബാഥേ അഭിപ്രായപ്പെട്ടു. ഇതു ജ്യോതി കോളജിനും തൃശൂരിനും കേരളത്തിനുമുള്ള ടാറ്റയുടെ സമ്മാനമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, കോളജ് മാനേജര്‍ മോണ്‍, തോമസ് കാക്കശേരി, കാമ്പസ് ഹെഡ് ഫാ. ജോസഫ് വടക്കന്‍, അക്കാദമി ഡയറക്ടര്‍ റവ.ഡോ. ജോസ് കണ്ണമ്പുഴ, ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍ഡോ. ബെന്നി നീലങ്കാവില്‍ എന്നിവരും ജാതിയുടെ ഭാഗത്തു നിന്നു സന്നിഹിതരായിരുന്നു.

ടാറ്റ ടെക്‌നോളജിയുടെ ഭാഗത്തുനിന്ന് പ്രോജക്ട് ഡയറക്ടര്‍ സുശീല്‍കുമാര്‍, ഗ്ലോബല്‍ സിഇ ഒ ഡയറക്ടര്‍ പുഷ്പരാജ് കൗള്‍ഗുഡ്, പ്രോജക്ട് മാനേജര്‍ പ്രസന്നദേശ പാണ്ഡ, കോഓര്‍ഡിനേറ്റര്‍ ആനന്ദ് കലാല്‍ എന്നിവരും പങ്കെടുത്തു.

മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍, റോബോട്ടിക്‌സ്, ഓട്ടോമേഷന്‍ മെക്കട്രോണിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ ബ്രാഞ്ചുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും നൂതന സാങ്കേതിക വിദ്യകളും നൈപുണ്യങ്ങളുമാണു നല്‍കുക.

യന്ത്രവല്‍കൃത സജ്ജീകരണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കരിക്കുലവും സിലബസും ലഭിക്കും.സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വളര്‍ത്തിയെടുത്തു മേക്കിംഗ് ഇന്ത്യസംരംഭം ശക്തിപ്പെടുത്താം. ഇന്ത്യയെ ആധുനിക വ്യവസായ ഹബ്ബായി വളര്‍ത്താനുള്ള ശ്രമമാണ് ഇതിലൂടെ ഏറ്റെടുക്കുന്നത്.