യൂറോപ്യന്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സംസ്ഥാനത്ത് ബ്ലോക്‌ചെയിന്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നു

Posted on: July 4, 2019

കൊച്ചി : യുഎസ്സിലെ ദെലാവാരെ ആസ്ഥാനമായ യൂറോപ്യന്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കെനിയയിലെ ക്വാകൂ അക്കാദമിയുമായി ചേര്‍ന്ന് സംസ്ഥാനത്തുടനീളം ബ്ലോക്‌ചെയിന്‍ ടെക്‌നോളജി പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും. തിരുവനന്തപുരത്തെ സരസ്വതി വിദ്യാലയം, കൊല്ലത്തെ യൂനസ് കോളേജ്, തൊടുപുഴ അ -അസര്‍ എഡ്യൂക്കേഷന്‍ ഗ്രൂപ്പ്, എറണാകുളത്തെ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ട്രെയിനിംഗ് സെന്റര്‍ എന്നിവിടങ്ങളിലാണ് ഇതിന്റെ തുടക്കം. തിരുവനന്തപുരം സരസ്വതീ വിദ്യാലയത്തില്‍ കഴിഞ്ഞ ദിവസം ഈ പ്രോജക്റ്റിന്റെ ഉദ്ഘാടനം നടക്കുകയുണ്ടായി.

ആഗോളതലത്തില്‍ തന്നെ വ്യവസായ-സേവനമേഖലകളില്‍ പുതിയൊരു വഴിത്തിരിവ് സൃഷ്ടിക്കാന്‍ ഇപ്പോള്‍ തന്നെ ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് യൂറോപ്യന്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റും കെനിയയിലെ വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ആന്റണി സെയിന്റ്, സ്ഥാപക വൈസ് ചാന്‍സലര്‍ ഡോ. സിദ്ധിഖ് എ. മുഹമ്മദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്തവിനിമയ, മാധ്യമ, ധനകാര്യ, മാനുഫാക്ചറിംഗ്, എഞ്ചിനിയറിംഗ്, സപ്ലൈചെയിന്‍ മാനേജ്‌മെന്റ്, പശ്ചാത്തല സൗകര്യ വികസന മേഖലകളിലെല്ലാം വന്‍ വിപ്ലവമാണ് ബ്ലോക്‌ചെയിന്‍ ഭാവിയില്‍ സൃഷ്ടിക്കാന്‍ പോകുന്നത്. സോഫ്റ്റ്‌വേര്‍ തലസ്ഥാനമെന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് സുവര്‍ണാവസരമാണിത്. ഈ വസ്തുത കണക്കിലെടുത്താണ് രാജ്യാത്തുടനീളം പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. എഞ്ചിനീയറിംഗ്, പ്രൊഫഷണല്‍ വിദ്യാര്‍ഥികളെയാണ് മുഖ്യമായും ലക്ഷ്യമിടുന്നതെന്ന് അവര്‍ വ്യക്തമാക്കി.

ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയെക്കുറിച്ചുള്ള വിപുലമായ ഉച്ചകോടി ഈ നവംബറില്‍ മാല്‍ടയി സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ മുന്നോടിയായി ഈ മാസം 8-ന് ന്യൂഡെല്‍ഹിയിലെ പിഎച്ച്ഡി ചേംബര്‍ ഓഫ് കോമേഴ്‌സില്‍ ദേശീയ തലത്തിലുള്ള സെമിനാര്‍ നടക്കുന്നതാണ്.