സീ എന്റര്‍ടെയ്ന്‍മെന്റ് കോവിഡ് പ്രതിരോധത്തിനായി 200 ആംബുലന്‍സുകളും 40,000 പിപിഇ കിറ്റുകളും നല്‍കുന്നു

Posted on: June 16, 2020

കൊച്ചി: മീഡിയ എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ പ്രമുഖരായ സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് ദേശീയതലത്തില്‍ കോവിഡ് 19 പ്രതിരോധത്തിനായി ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നു. ഇതിനായി സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കൊച്ചി, ചെന്നൈ, മുംബെ, നോയ്ഡ, ചണ്ഡിഗഡ്, ജയ്പുര്‍, കൊല്‍ക്കൊത്ത, ഭുവനേശ്വര്‍, ബംഗളുരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലായി 200-ല്‍ അധികം ആംബുലന്‍സുകളും 40,000 പിപിഇ കിറ്റുകളും വിതരണം ചെയ്യും. കൂടാതെ നൂറിലധികം ഐസിയു യൂണിറ്റുകള്‍ നിര്‍മ്മിക്കും. പതിനായിരത്തിലധികം അതിഥി തൊഴിലാളികള്‍ക്ക് ആറുലക്ഷം ആഹാരപായ്ക്കറ്റുകള്‍ സീ ലഭ്യമാക്കും. വിവിധ സംസ്ഥാന സര്‍ക്കാരുകളുമായും പ്രാദേശിക നിര്‍വാഹക സമിതികളുമായും ചേര്‍ന്നായിരിക്കും ഇതിനായി കമ്പനി പ്രവര്‍ത്തിക്കുക.

മുംബെയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ബാലാസാഹേബ് താക്കറെ, ടൂറിസം, പരിസ്ഥിതി മന്ത്രി ആദിത്യ ഉദ്ധവ് താക്കറെ, സീ എന്റര്‍ടെയ്ന്‍മെന്റ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പുനീത് ഗോയങ്ക എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പദ്ധതി ഫ്‌ളാഗ് ഓഫ് ചെയ്തു. മുംബെ ബിഎംസിക്ക് 46 ആംബുലന്‍സുകളും 50 ഹൈ ഫ്‌ളോ ഹീറ്റഡ് റെസ്പിരേറ്ററി ഹുമിഡിഫയേഴ്‌സും കൈമാറി.

അടിസ്ഥാന ആരോഗ്യസേവന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് ഊന്നല്‍ കൊടുക്കുന്നതെന്ന് സീ എംഡിയും സിഇഒയുമായ പുനീത് ഗോയങ്ക പറഞ്ഞു.

നേരത്തെ സീ എന്റര്‍ടെയ്ന്‍മെന്റ് 5000 ദിവസവേതനക്കാര്‍ക്ക് സാമ്പത്തികസഹായം നല്‍കിയിരുന്നു. കൂടാതെ 3400-ല്‍ അധികം വരുന്ന ജീവനക്കാര്‍ പിഎം കെയേഴ്‌സ് ഫണ്ടിലേയ്ക്ക് നല്കിയതിന് തുല്യമായ തുക കമ്പനിയും പിഎം കെയേഴ്‌സ് ഫണ്ടിലേയ്ക്ക് സംഭാവന നല്കി.