കോവിഡ് 19 : കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രണ്ട് കോടി നല്‍കി

Posted on: April 7, 2020


കൊച്ചി : കോവിഡ് 19 പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും കുടുംബവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വ്യക്തിഗത സംഭാവനയായി രണ്ട് കോടി രൂപ നല്‍കികൊണ്ടാണ് ചിറ്റിലപ്പിള്ളി കുടുംബം സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.

ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയ രണ്ടുകോടി രൂപയുടെ നെഫ്റ്റ് രസീതും, ആശംസ പത്രികയും മന്ത്രി വി.എസ് സുനില്‍ കുമാറിന് കാക്കനാട് കളക്റ്ററേറ്റില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കൈമാറി. ജില്ലാ കളക്ടര്‍ എസ് സുഹാസും സന്നിഹിതരായിരുന്നു.

വി ഗാര്‍ഡും സഹോദര സ്ഥാപനങ്ങളും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കോട്ടയം ഗവ. മെഡിക്കല്‍ കോളേജിനും, കോഴിക്കോട് സര്‍ക്കാര്‍ ആശുപത്രിയ്ക്കും 13 വെന്റിലേറ്ററുകളും, മറ്റ് ചികിത്സാ സംവിധാനങ്ങളും നല്‍കി . കൂടാതെ സ്ഥാപനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.