സരോജിനി പത്മനാഭൻ മെമ്മോറിയൽ സ്‌കോളർഷിപ്പ് വിതരണം ഓഗസ്റ്റ് 14 ന്

Posted on: July 31, 2019

തൃശൂർ : ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിനികൾക്ക് മണപ്പുറം ഫൗണ്ടേഷൻ നൽകുന്ന സരോജിനി പത്മനാഭൻ മെമ്മോറിയൽ സ്‌കോളർഷിപ്പ് ഓഗസ്റ്റ് 14 ന് വിതരണം ചെയ്യും. തൃശൂർ ജവഹർ കൺവെൻഷൻ സെന്ററിലാണ് പരിപാടി. മണപ്പുറം ഫിനാൻസിൻറെ ജീവകാരുണ്യ സംഘടനയായ മണപ്പുറം ഫൗണ്ടേഷനാണ് സ്‌കോളർഷിപ്പ് നൽകുന്നത്.

തൃശൂർ : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് ലഭിച്ച സർക്കാർ, എയ്ഡഡ് സ്‌കൂൾ വിദ്യാർത്ഥിനികളെയാണ് ഈ സ്‌കോളർഷിപ്പിന് പരിഗണിക്കുന്നത്. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് ലഭിച്ച വിദ്യാർത്ഥിനികൾക്ക് 2,000 രൂപയും പ്ലസ് ടുവിന് മുഴുവൻ എ പ്ലസ് ലഭിച്ചവർക്ക് 3,000 രൂപയും നൽകും. അർഹരായ വിദ്യാർത്ഥിനികൾ അവരുടെ മാർക്ക് ലിസ്റ്റിൻറെ കോപ്പി, പാസ്ബുക്ക് കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഓഗസറ്റ് 14-ന് രാവിലെ ഒമ്പതു മണിക്ക് തൃശൂർ ജവഹർ കൺവെൻഷൻ സെൻററിൽ എത്തണം. ഉന്നത വിജയം നേടിയ പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന ഈ സംരംഭം മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാർ ഉദ്ഘാടനം ചെയ്യും.

സ്‌കൂൾ കോഡ്, സ്‌കൂളിൻറെ പേര്, കുട്ടിയുടെ പേര്, ഫോൺ നമ്പർ, വാട്‌സാപ്പ് നമ്പർ എന്നീ വിവരങ്ങൾ ഓഗസ്റ്റ് അഞ്ചിനുമുമ്പായി [email protected], [email protected] എന്നീ മെയിൽ ഐഡികളിലേക്ക് അയച്ചു നൽകണം. അർഹരായ വിദ്യാർത്ഥിനികൾ മുൻകൂട്ടി അവരുടെ രജിസ്‌ട്രേഷൻ ഉറപ്പുവരുത്തേണ്ടതാണ്.മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ് ഡി ദാസ്, മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ഡി.ജി.എം സീനിയർ പി.ആർ.ഒ അഷറഫ് കെ. എം, മണപ്പുറം ഫൗണ്ടേഷൻ ഡി.ജി.എം സുഭാഷ രവി, മണപ്പുറം ഫിനാൻസ് എ. ജി. എം സുഷമ വിജയൻ എന്നിവർ പത്രമ്മേളനത്തിൽ പങ്കെടുത്തു.