വാഹന വായ്പകള്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാരുതി സുസുകിയുമായി ധാരണയില്‍

Posted on: February 14, 2023

കൊച്ചി : ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും വിവിധ ഫൈനാന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാരുതി സുസുകിയുമായി ധാരണയിലെത്തി. ഡീലര്‍മാരെ വാഹന വില്പ്പന വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും മാരുതി സുസുകി ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ സമഗ്ര വായ്പകള്‍ ലഭ്യമാക്കുന്നതിനുമാണ് ഈ പരസ്പര സഹകരണത്തിലൂടെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ലക്ഷ്യമിടുന്നത്.

മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (സെയില്‍സ്) ഭുവന്‍ ധീര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍, ഇരു സ്ഥാപനങ്ങളിലേയും മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാ പത്രം ഒപ്പുവച്ചത്.

‘ഞങ്ങളുടെ വൈവിധ്യമാര്‍ന്ന വായ്പാ സേവനങ്ങളിലൂടെ വളരെ സൗകര്യപ്രദവും സമഗ്രവുമായ ഫൈനാന്‍സ് പരിഹാരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുകിയുമായുള്ള പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഇരു കമ്പനികള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ നിറവേറ്റാനും മികച്ച നേട്ടമുണ്ടാക്കാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്,’ സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡി& സിഇഒ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.

‘ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ആവശ്യാനുസരണം വായ്പാ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ട്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവം നല്‍കുന്നതിനും അവരെ സംതൃപ്തരാക്കുന്നതിനും മാരുതി സുസുകിയും സൗത്ത് ഇന്ത്യന്‍ ബാങ്കും പ്രതിജ്ഞാബദ്ധരാണ്,’ മാരുതി സുസുകി സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.