നാവിക സേനയ്ക്ക് ഓണര്‍ ഫസ്റ്റ് അക്കൗണ്ടുമായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്

Posted on: August 13, 2021

കൊച്ചി : നാവിക സേന ഉദ്യോഗസ്ഥര്‍ക്കും വിരമിച്ചനാവികര്‍ക്കും ഓണര്‍ ഫസ്റ്റ് എന്ന പേരില്‍ പ്രീമിയം ബാങ്കിംഗ് സേവനം നല്‍കുന്നതിന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഇന്ത്യന്‍ നാവിക സേനയുമായി ധാരണാപത്രം ഒപ്പുവച്ചു.

സേനയില്‍ നിലവില്‍ സര്‍വീസില്‍ ഉള്ളവരുടേയും വിരമിച്ചവരുടേയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രത്യേകമായി രൂപം നല്‍കിയതാണ് ഓണര്‍ ഫസ്റ്റ് ഡിഫന്‍സ് അക്കൗണ്ട്. വിമുക്തഭടന്‍മാരുടെ ഒരു ടീമാണ് ഓണര്‍ ഫസ്റ്റ് അക്കൗണ്ട് ഉടമകളെ സഹായിക്കാനായി ബാങ്ക് ഒരുക്കിയിട്ടുള്ളത്. നാവിക സേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നാവിക സേനാ ശമ്പള വിഭാഗം മേധാവി കമഡോര്‍ നീരജ് മല്‍ഹോത്രയും ഐഡിഎഫ്സി ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ധാരണാ പത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രതിവര്‍ഷം അഞ്ച് ശതമാനം വരെ പലിശ ലഭിക്കുന്ന സീറോ ബാലന്‍സ് ശമ്പള അക്കൗണ്ട്, 46 ലക്ഷം രൂപയുടെ പരിരക്ഷയുള്ള വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ്, ഇതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസത്തിന് നാല് ലക്ഷം രൂപയും വിവാഹത്തിന് രണ്ട് ലക്ഷം രൂപയുടെ സഹായവും അടക്കം ഒട്ടേറെ ആനുകൂല്യങ്ങളോടെയാണ് ഓണര്‍ ഫസ്റ്റ് അക്കൗണ്ട് അവതരിപ്പിച്ചിരിക്കുന്നത്.

ഒരു കോടി രൂപയുടെ വിമാനാപകട ഇന്‍ഷൂറന്‍സ്, ആഭ്യന്തര യാത്രകളില്‍ എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ് എന്നിവ ഉള്‍പ്പെടുന്ന, വാര്‍ഷിക ചാര്‍ജുകളില്ലാത്ത വിസ സിഗ്‌നേചര്‍ ഡെബിറ്റ് കാര്‍ഡും ഓണര്‍ ഫസ്റ്റ് അക്കൗണ്ടിനൊപ്പം നാവിക സേനാംഗങ്ങള്‍ക്ക് ലഭിക്കും.