യെസ് ബാങ്ക് – ഇവയര്‍ റുപേ പ്രീപെയ്ഡ് പ്ലാറ്റിനം കാര്‍ഡുകള്‍ പുറത്തിറക്കി

Posted on: December 15, 2020

കൊച്ചി : കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഇവയര്‍ സോഫ്റ്റ് യെസ് ബാങ്കുമായി സഹകരിച്ച് റുപേ പ്രീപെയ്ഡ് പ്ലാറ്റിനം കാര്‍ഡുകള്‍ പുറത്തിറക്കി. ഡിജിറ്റല്‍ ബാങ്കിംഗ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോം സേവനങ്ങള്‍ നല്‍കുന്ന ഇവയറിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍, വൈറ്റ്‌ലേബല്‍ ചെയ്ത ഫിസിക്കല്‍ കാര്‍ഡ് എന്നിവ പൊതുജനങ്ങള്‍ക്കും കോര്‍പറേറ്റ് കമ്പനികള്‍ക്കും ലഭ്യമാകും.

ഇന്ത്യയിലുടനീളം സാന്നിധ്യം ഉറപ്പുവരുത്തുന്നതിനും രാജ്യത്തിന്റെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ഇവയറിന്റെ ശ്രമങ്ങളുടെ പ്രധാന നാഴികക്കല്ലാണ് യെസ് ബാങ്കുമായുള്ള പങ്കാളിത്തം. ഉപഭോക്താക്കള്‍ക്ക് യെസ് ബാങ്ക് കാര്‍ഡിലൂടെ ഇവയറിന്റെ നൂതനമായ ഡിജിറ്റല്‍ ഇടപാടുകളുടെ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ 28 സംസ്ഥാനങ്ങളിലും ഇന്ത്യയിലെ എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന യെസ് ബാങ്കിന്റെ ശാഖകളിലൂടെ കാര്‍ഡ് ലഭ്യമാകുകയും ചെയ്യും.

അത്യാധുനിക ബാങ്കിംഗ്, പേയ്‌മെന്റ് സൊല്യൂഷനുകള്‍, ഓപ്പണ്‍ ലൂപ്പ്, ക്ലോസ്ഡ് ലൂപ്പ്, ക്യുആര്‍ കോഡ് തുടങ്ങിയ പേയ്‌മെന്റ് ആന്‍ഡ് സെറ്റിലെമെന്റ് വിഭാഗത്തില്‍ നിരവധി ഐപികള്‍ സ്വന്തമായുള്ള ഇവയര്‍ 2018ല്‍ പ്രവര്‍ത്തനമാരംഭിച്ചു. ചുരുങ്ങിയ കാലയളവില്‍ ഇന്ത്യന്‍കമ്പനികളിലും മറ്റു വിദേശ വിപണികളിലും സാന്നിധ്യമറിയിക്കുകയും ചെയ്തു.

മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഇവയര്‍-യെസ് ബാങ്ക് പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കിയത്. ഡിജിറ്റല്‍, വെര്‍ച്വല്‍ ബാങ്കിംഗ് സേവനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സഹകരണം കൂടുതല്‍ ഉത്തേജനം നല്‍കാന്‍ പ്രാപ്തമാക്കുമെന്ന് ഇവയര്‍ സിഇഒ യൂനുസ് പുത്തന്‍പുരയില്‍ വ്യക്തമാക്കി.

ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും, സുരക്ഷിതമായും നിറവേറ്റുവാന്‍ ആഗ്രഹിക്കുന്ന വളരെ വലിയ വിഭാഗം ഉപഭോക്താക്കള്‍ക്ക് യെസ് ബാങ്ക് -ഇവയര്‍ സഹകരണം കരുത്തു പകരുമെന്ന് യെസ് ബാങ്ക് സിഒഒ അനിത പൈ പറഞ്ഞു. വ്യത്യസ്തമായ ബാങ്കിംഗ് അനുഭവം നല്‍കുന്നതിനായി നിരന്തരമായ നവീകരണ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തിനു ഈ സഹകരണം സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

യെസ് ബാങ്ക് പ്രീപെയ്ഡ് കാര്‍ഡുകള്‍ നല്‍കുന്ന ഇവയറിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബാങ്ക് ശൃംഖലയില്‍ ചേരാന്‍ സഹായിക്കും. ചടങ്ങില്‍ ഇവയര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ രാകേഷ് ഉപാധ്യായ്, എംഡി ഉദയഭാനു, സിഒഒ സജീവ് പുഷ്പമംഗലം, യെസ് ബാങ്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.