ഫെഡറല്‍ ബാങ്കിന് ഇന്‍ഫോസിസ് ഫിനാക്ക്ള്‍ ഇന്നവേഷൻ പുരസ്‌കാരം

Posted on: June 14, 2020

കൊച്ചി: ബാങ്കിംഗ് രംഗത്തെ നവീന ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് നല്‍കുന്ന ആഗോള പുരസ്‌ക്കാരമായ ഇന്‍ഫോസിസ് ഫിനാക്ക്ള്‍ ക്ലയന്റ് ഇന്നവേഷൻ  അവാര്‍ഡ് 2020 ല്‍ ഫെഡറല്‍ ബാങ്ക് മൂന്ന് വിഭാഗങ്ങളില്‍ ജേതാക്കളായി. ഉപഭോക്തൃ സേവനം ലളിതമാക്കുന്നതിനായി ബാങ്ക് നടപ്പിലാക്കിയ നൂതന ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ക്ക് ‘കസ്റ്റമര്‍ ജേര്‍ണി റിഇമാജിനേഷന്‍’ എന്ന വിഭാഗത്തിലും കോര്‍പറേറ്റ് ബാങ്കിംഗ് രംഗത്തെ മികവുറ്റ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ‘കോര്‍പറേറ്റ് ബാങ്കിംഗ് ഡിജിറ്റൈസേഷന്‍’ വിഭാഗത്തിലും ഒന്നാമതും ‘പ്രൊഡക്റ്റ് ഇന്നവേഷൻ’ വിഭാഗത്തില്‍ രണ്ടാം സ്ഥാനവുമാണ് ഫെഡറല്‍ ബാങ്കിനു ലഭിച്ചത്.

ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവുമാക്കാന്‍ ഏറ്റവും നൂതന സാങ്കേതികവിദ്യകളാണ് ഫെഡറല്‍ ബാങ്ക് ഉപയോഗിക്കുന്നതെന്നും ഈ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി ഇന്‍ഫോസിസ് ഫിനാക്കിള്‍ ക്ലയന്റ് ഇന്നവേഷൻ
അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാരിയര്‍ പറഞ്ഞു .

ഡിജിറ്റല്‍ ബാങ്കിംഗ് സാങ്കേതിക വിദ്യാ രംഗത്ത് ആഗോള തലത്തില്‍ മുന്‍നിരയിലുള്ള സോഫ്‌റ്റ്വെയറായ ഇന്‍ഫോസിസ് ഫിനാക്ക്ള്‍ ഉപയോഗിക്കുന്ന ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഡിജിറ്റല്‍ സേവന രംഗത്തെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്‌ക്കാരം നല്‍കുന്നത്. ഇത്തവണ പുരസ്‌കാരത്തിന്റെ ആറാം പതിപ്പില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളള ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.