ആന്ധ്രാ ബാങ്കിന് കൊച്ചിയിൽ മേഖലാ ഓഫീസ്

Posted on: October 19, 2014

Andhra-bank-Zonal-Office-In

ആന്ധ്രാ ബാങ്കിന്റെ കൊച്ചി മേഖലാ ഓഫീസ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്.കെ. കൽര ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം എ ടി എം ഉൾപ്പെടുന്ന പുതിയ ശാഖയും കടവന്ത്രയിൽ തുറന്നു. കൊച്ചിയിൽ ആന്ധ്രാ ബാങ്കിന്റെ മൂന്നാമത്തെ ശാഖയാണ് കടവന്ത്രയിലേത്. മേഖലയിൽ ഇരുപത്താറാമത്തേതും. സോണൽ മാനേജർ പി. മസിലാമണി ഉൾപ്പടെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

കേരളത്തിൽ ആന്ധ്രാ ബാങ്കിന്റെ പ്രവർത്തനം കൂടുതൽ വ്യാപകമാക്കാനുള്ള പദ്ധതികൾ പ്രവർത്തനക്ഷമമായെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. സോണൽ ഓഫീസ് തുടങ്ങിയതിനു പിന്നാലെ എറണാകുളം ജില്ലയിൽ അടുത്ത രണ്ടു മാസത്തിനകം ആറു ശാഖകൾ കൂടി തുറക്കും. സംസ്ഥാനത്തെ ഇതര ജില്ലകളിലായി പത്തെണ്ണവും. നടപ്പുവർഷം അവസാനത്തോടെ കേരളത്തിലെ ശാഖകളുടെ എണ്ണം 42 ആക്കുകയാണ് ലക്ഷ്യം. ഇ- ബാങ്കിംഗ് ഏറ്റവും കാര്യക്ഷമമാക്കാനുള്ള നവശക്തി പദ്ധതിക്കും ബാങ്ക് തുടക്കമിട്ടു.

സെപ്റ്റംബർ 30 ലെ കണക്കുകൾ പ്രകാരം കേരളത്തിൽ ആന്ധ്രാ ബാങ്കിന്റെ ബിസിനസ് 1500 കോടി രൂപയുടേതാണ്. വാർഷികാടിസ്ഥാനത്തിലുള്ള വളർച്ചാനിരക്ക് 19.11 %. പുതിയ ശാഖകൾ പ്രവർത്തനമാരംഭിക്കുന്നതോടെ 2014-15 ൽ ബിസിനസ് 1800 കോടി രൂപ കടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രമുഖ ബിൽഡർമാരുമായി കൈകോർത്ത് ആകർഷക വ്യവസ്ഥകളിൽ ഭവന വായ്പ നൽകുന്ന പദ്ധതികളുമായി ബാങ്ക് രംഗത്തുണ്ട്.