ഡിസിബി ബാങ്കിൽ ബയോമെട്രിക് എടിഎം

Posted on: April 6, 2016

DCB-Bank-branch-Big-a

കൊച്ചി: ഡെബിറ്റ് കാർഡും പിൻ നമ്പരും ഇല്ലാതെ പണം പിൻവലിക്കാൻ സാധിക്കുന്ന എടിഎം ഡിസിബി ബാങ്ക് സ്ഥാപിച്ചു. മുംബൈയിലെ ലോവർ പേറലിലെ പെനിൻസുല ബിസിനസ് പാർക്കിലാണ് പുതിയ എടിഎം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുള്ളത്.

എടിഎം കാർഡിനും പിൻ നമ്പരിനും പകരം ആധാർ നമ്പരും ആധാർ ബയോമെട്രിക് ഫിംഗർ പ്രിന്റും ഉപയോഗിച്ച് അക്കൗണ്ടിൽനിന്നു പണം പിൻവലിക്കാം. അടുത്ത 30-45 ദിവസത്തേക്കു പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം ലഭ്യമാക്കുവാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്.

തുടർന്നു ബാങ്കിന്റെ നാനൂറിലധികം വരുന്ന എടിഎമ്മുകൾ ആധാർ നമ്പരും ആധാർ ഫിംഗർ പ്രിന്റും സ്വീകരിക്കുവാൻ തക്കവിധത്തിൽ നവീകരിക്കും. നിലവിലുള്ള എടിഎമ്മുകളിൽ നല്ലൊരു പങ്കിനും ഫിംഗർ പ്രിന്റ് ബയോമെട്രിക് റീഡർ ഇല്ല. ഡെബിറ്റ് കാർഡും പിൻ നമ്പരും ഉപയോഗിച്ച് എടിഎം പ്രവർത്തിപ്പിക്കുന്ന ഇപ്പോഴത്തെ സേവനം തുടർന്നും എടിഎമ്മുകളിൽ ലഭ്യമായിരിക്കും.

എടിഎം കാർഡ് ഉപയോഗിച്ചാണോ ആധാർ നമ്പർ ഉപയോഗിച്ചാണോ പണം പിൻവലിക്കുന്നതെന്നു തെരഞ്ഞെടുക്കാൻ എടിഎമ്മിൽ സൗകര്യം നല്കിയിട്ടുണ്ട്. ആധാർ നമ്പർ ആണ് ഉപയോഗിക്കുന്നതെങ്കിൽ പിൻ നമ്പർ ആവശ്യമില്ല. ബയോമെട്രിക് റീഡറിൽ കൈവിരൽ വച്ചു നല്കിയാൽ മതി. ഇപ്പോൾ ഈ സൗകര്യം ഡിസിബി ബാങ്ക് ഇടപാടുകാർക്കു മാത്രമാണ് ലഭ്യമാകുക. ഇതിനായി അക്കൗണ്ട് ഉടമകൾ ആധാർ നമ്പർ അവരുടെ ഡിസിബി ബാങ്കിലെ അക്കൗണ്ടുമായി ബന്ധിപ്പിക്കണം.