ടി ജെ എസ് ബി സഹകാരി ബാങ്ക് വാണിജ്യ ബാങ്കിംഗിലേക്ക്

Posted on: May 16, 2015

Nandagopal-Menon-TJSB-Sahak

പനാജി : ടി ജെ എസ് ബി സഹകാരി ബാങ്ക് വാണിജ്യ ബാങ്ക് ആയി മാറാൻ ഒരുങ്ങുകയാണെന്ന് ചെയർമാൻ സി. നന്ദഗോപാൽ മേനോൻ പറഞ്ഞു. നിലവിൽ 110 ശാഖകളുള്ള ബാങ്ക് ഈ വർഷം പുതുതായി 15 ശാഖകൾ തുറക്കും. 2016 ൽ 125 ശാഖകളാണ് ലക്ഷ്യം. 113 എടിഎമ്മുകളുമുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കർണാടകം എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ ശാഖകളുള്ളത്.

മധ്യപ്രദേശിലേക്കും ഡൽഹിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ട്. ടി ജെ എസ് ബി 2014-15 ൽ 11,600 കോടി രൂപയുടെ ബിസിനസ് നേട്ടം കൈവരിച്ചു. 7,190 കോടിയുടെ നിക്ഷേപവും 4,410 കോടിയുടെ വായ്പയും ഉൾപ്പടെയാണിത്. മുൻവർഷത്തേക്കാൾ 16 ശതമാനം ബിസിനസ് വളർച്ച കൈവരിച്ചു. ബാങ്കിംഗ് മേഖലയുടെ ശരാശരി ബിസിനസ് വളർച്ച 14 ശതമാനമായിരിക്കെയാണ് ടി ജെ എസ് ബി ഈ നേട്ടം കൈവരിച്ചത്.

വിദേശനാണ്യ ബിസിനസ് 1,546 കോടി രൂപ. മൊത്തലാഭം 162 കോടിയും അറ്റാദായം 101 കോടി രൂപയുമാണ്. കരുതൽധനം 755 കോടി രൂപ. 2015-16 ൽ 13,000 കോടി രൂപയുടെ ബിസിനസാണ് ലക്ഷ്യമിടുന്നതെന്നും നന്ദഗോപാൽ മേനോൻ ചൂണ്ടിക്കാട്ടി.