കൊച്ചി വിമാനത്താവളത്തില്‍ സമുദ്രോത്പന്ന സ്റ്റാളുമായി എം.പി.ഇ.ഡി.എ

Posted on: October 4, 2019

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക് ഉന്നത ഗുണനിലവാരമുള്ള സമുദ്രോത്പന്നങ്ങള്‍ ലഭിക്കാന്‍ അവസരം ഒരുക്കി സമുദ്രോത്പന്ന കയയറ്റുമതി വികസന അതോറിറ്റി(എം.പി.ഇ.ഡി.എ)യുടെ സീഫുഡ് ഇന്ത്യ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ സിയാല്‍ എംഡി ശ്രീ വി ജെ കുര്യന്‍ സ്റ്റാളിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. എം.പി.ഇ.ഡി.എ ചെയര്‍മാന്‍ ശ്രീ കെ എസ് ശ്രീനിവാസ് പരിപാടിയില്‍ സന്നിഹിതനായിരുന്നു.

വ്യോമയാന യാത്രികര്‍ക്ക് റെഡി ടു ഈറ്റ്, റെഡി ടു ഫ്രൈ, റെഡി ടു കുക്ക് വിഭാഗത്തിലുള്ള സമുദ്രോത്പന്നങ്ങളാണ് എം.പി.ഇ.ഡി.എ വില്‍പ്പന കേന്ദ്രം വഴി ലഭിക്കുന്നത്. സീഫുഡ് ഇന്ത്യ എന്ന ബ്രാന്‍ഡിന്റെയും ഭാരതീയ മൂല്യവര്‍ധിത സമുദ്രോത്പന്നങ്ങളുടെയും പ്രചരണാര്‍ത്ഥമാണ് വിമാനത്താവളത്തില്‍ ഇത്തരമൊരു സ്റ്റാളിന് രൂപം നല്‍കിയിരിക്കുന്നത്.

എം.പി.ഇ.ഡി.എയുടെ ആദ്യ സമുദ്രോത്പന്ന സ്റ്റാള്‍ പനമ്പിള്ളി നഗറിലെ ആസ്ഥാനമന്ദിരത്തില്‍ നേരത്തെ തുറന്നിരുന്നു. പത്ത് കയറ്റുമതിക്കാര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി ഒരുക്കിയിട്ടുണ്ട്. വിവിധ കമ്പനികളുടെ നൂറിലധികം ഉത്പന്നങ്ങളാണ് സീഫുഡ് സ്റ്റാളില്‍ വില്‍പ്പനയ്ക്ക് ലഭിക്കുന്നത്. സമുദ്രോത്പന്നങ്ങളിലെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ വിറ്റഴിക്കുന്നതിനുള്ള പ്രധാന തടസ്സം ഇവയുടെ പ്രചാരണമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വില്‍പ്പന കേന്ദ്രം തുടങ്ങുന്നതോടെ വില്‍പ്പനയ്‌ക്കൊപ്പം ബ്രാന്‍ഡിന്റെ പ്രചാരവും വര്‍ധിക്കുമെന്ന് എം.പി.ഇ.ഡി.എ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ സമാനമായ വില്‍പ്പനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ എം.പി.ഇ.ഡി.എ തയ്യാറെടുക്കുകയാണ്

TAGS: M.P.E.D.A |