നേവല്‍ എയര്‍ എന്‍ക്ലേവ് സജ്ജമായി

Posted on: August 23, 2019

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നേവല്‍ എയര്‍ എന്‍ക്ലേവ് പ്രവര്‍ത്തനം സജ്ജമായി.

നേവല്‍ എന്‍ക്ലേവ് ഒരു വര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്തതാണെങ്കിലും രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേയിലിറങ്ങുന്ന വിമാനങ്ങള്‍ നേവല്‍ എന്‍ക്ലേവിലേക്ക് എത്തുന്നതിനുള്ള ടാക്‌സിവേ ലിങ്ക് ഇപ്പോഴാണ് പൂര്‍ത്തിയായത്. ഉദ്ഘാടനം സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന്‍ നിര്‍വഹിച്ചു. സതേണ്‍ നേവല്‍ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറല്‍ ആര്‍. ജെ. നാദ്കര്‍ണി, ഓഫിസര്‍ ഇന്‍ ചാര്‍ജ് ക്യാപ്റ്റന്‍ സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ വിമാനത്താവളത്തില്‍ റണ്‍വേയുടെ നീളക്കുറവു മൂലം വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയാത്തതിനാലാണ് നെടുമ്പാശേരി വിമാനത്താവളത്തോടു ചേര്‍ന്ന് 10 ഏക്കര്‍ സ്ഥലത്ത് പുതിയ നേവല്‍ എയര്‍ എന്‍ക്ലേവ് നിര്‍മിച്ചത്. ഇതോടെ വലിയ റണ്‍വേയും ഇനി നാവികസേനയ്ക്ക് ഉപയോഗിക്കാനാകും. ഇതു സംബന്ധിച്ച് സിയാലും നാവികസേനയും തമ്മില്‍ കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ടിരുന്നു. വലിയ റണ്‍വേ ഉപയോഗിക്കാനാകുന്നതോടെ നേവിയ്ക്ക് പി8 ഐ തുടങ്ങിയ വലിയ വിമാനങ്ങളും കൊച്ചിയില്‍ ഇറക്കാനാകും.

ദക്ഷിണമേഖലാ പ്രദേശങ്ങളുടെ കൂടുതല്‍ കാര്യക്ഷമമായ നിരീക്ഷണത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇതുമൂലം കഴിയും.