സിയാലില്‍ നിന്ന് വയനാടിന് ദുരിതാശ്വാസ സഹായം

Posted on: August 19, 2019


നെടുമ്പാശേരി : സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ദുരിതാശ്വാസ വസ്തുക്കളുടെ സംഭരണ കേന്ദ്രം തുടങ്ങി. സിയാല്‍ ജീവനക്കാരുടെ വകയായി ആദ്യദിനം തന്നെ ഒരു ട്രക്ക് നിറയെ സാധനങ്ങള്‍ ലഭിച്ചു.

വെള്ളിയാഴ്ച സിയാലിന്റെ രണ്ടാം ടെര്‍മിനലില്‍ സംഭരണ കേന്ദ്രം തുടങ്ങിയത്. ആദ്യദിനം തന്നെ സിയാലിന്റെ ജീവനക്കാരുടെ വകയായി എട്ടുലക്ഷം രൂപയുടെ സാധനങ്ങള്‍ ലഭിച്ചു. ശനിയാഴ്ച ട്രക്ക് വയനാട്ടിലേക്ക് പുറപ്പെട്ടു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രളയത്തില്‍ തകര്‍ന്ന വയനാട് ജില്ലയില്‍ ഞായറാഴ്ച ശുചീകരണ വാരം തുടങ്ങുന്നതിനാല്‍ ജില്ലാ കളക്ടറുടെ നിര്‍ദേശാനുസരണമുള്ള ദുരിതാശ്വാസ വസ്തുക്കളാണ് സിയാലില്‍ ശേഖരിച്ചത്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ വസ്തുക്കളാണ് സിയാലില്‍ നിന്ന് വയനാട്ടിലേക്ക് അയച്ച ആദ്യ ട്രക്കിലുള്ളത്. എയര്‍ലൈനുകള്‍, ടാക്‌സി സര്‍വീസ് സൊസൈറ്റി, വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍ എന്നിവ സാധനങ്ങള്‍ ലഭ്യമാക്കാന്‍ സന്നദ്ധമായിട്ടുണ്ട്. വൈകാതെ രണ്ടാം ട്രക്ക് പുറപ്പെടും.