എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ ഏജന്റുമാരെ ആദരിച്ചു

Posted on: May 19, 2013

പ്രമുഖ എയര്‍ലൈനായ എമിറേറ്റ്‌സിന്റെ കാര്‍ഗോ വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ അതിന്റെ മുന്‍നിര കാര്‍ഗോ ഏജന്റുമാരെ ഗോവയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, ബാംഗളൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഏജന്റുമാരെയാണ് എയര്‍ലൈനിന്റെ കഴിഞ്ഞ വര്‍ഷം നല്‍കിയ പിന്തുണയുടെ പേരില്‍ ആദരിച്ചത്.

ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കപ്പെടുന്ന കാര്‍ഗോ എയര്‍ലൈനായി തങ്ങളെ ഉയര്‍ത്തുന്നതിന് എല്ലാ ഏജന്റുമാരും നല്‍കിയ പിന്തുണയ്ക്ക് എമിറേറ്റ്‌സിന്റെ കാര്‍ഗോ വിഭാഗം ഡിവിഷണല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രാം മേനോന്‍ നന്ദി പ്രകടിപ്പിച്ചു. ഉപഭോക്താവിനു നേട്ടമേകുന്ന മൂല്യമേറിയ തങ്ങളുടെ ഓഫറുകള്‍ തങ്ങളുടെ കാര്‍ഗോ ഏജന്റുമാര്‍ മനസ്സിലാക്കുന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ തൃപ്തരാക്കുന്നതില്‍ തങ്ങള്‍ വളരെ ഉയര്‍ന്ന നിലവാരമാണു കൈവരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ ,കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നായി ഓരോ ആഴ്ചയും 1400 ടണ്ണിലേറെ ചരക്കുകളാണ് എയര്‍ലൈന്‍ കൈകാര്യം ചെയ്യുന്നത്. തുകല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, തുണി, ഇലക്‌ട്രോണിക്‌സ്, എഞ്ചിനീയറിങ് സാമഗ്രികള്‍, സ്‌പെയറുകള്‍, എളുപ്പത്തില്‍ മോശമാകുന്ന വസ്തുക്കള്‍ തുടങ്ങിയ നിരവധി ഇനം ചരക്കുകള്‍ ഇവയിലുള്‍പ്പെടുന്നു. ഇതിനു പുറമെ ദുബായ്-മുംബൈ-ദുബായ് റൂട്ടിലും ദുബായ്-ചെന്നൈ-ഹോങ്കോങ്-ദുബായ് റൂട്ടിലും 200 ടണ്ണിലെറെ ശേഷിയുള്ള രണ്ടു പ്രതിവാര വിമാനങ്ങളും എയര്‍ലൈന്‍ നടത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി മൂവ്വായിരത്തിലേറെ ടണ്‍ ചരക്കുകളാണ് എയര്‍ലൈന്‍ ഓരോ ആഴ്ചയും കൈകാര്യം ചെയ്യുന്നത്.

ഇന്ത്യയടെ പ്രമുഖ വിപണിയായി കണക്കാക്കുന്ന എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ പ്രത്യേക താപനില സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഭാഗം ചരക്കുകള്‍ക്കായുള്ള പ്രത്യേക ശൃംഖല രാജ്യത്ത് ഏര്‍പ്പെടുത്തിയ ആദ്യ എയര്‍ലൈനാണ്. ഇതിനു പുറമേയാണ് ഇ-ഫ്രൈറ്റ് വഴി നല്‍കുന്ന പ്രത്യേക സേവനങ്ങള്‍.

എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ 2011-12 സാമ്പത്തിക വര്‍ഷം 1.79 ദശലക്ഷം ടണ്‍ ചരക്കുകളാണ് അതിന്റെ ശൃംഖലകളിലൂടെ കൈകാര്യം ചെയ്തത്. ഇതിലൂടെ എയര്‍ലൈനിന്റെ ആകെ വരുമാനത്തിന്റെ 16.2 ശതമാനം വരുന്ന 2.6 ബില്യണ്‍ ഡോളര്‍ നേടിയെടുക്കാനായി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 43,600 ചതുരശ്ര മീറ്റര്‍ വരുന്ന കാര്‍ഗോ മെഗാ ടെര്‍മിനല്‍ അടിസ്ഥാനമാക്കിയാണിതു പ്രവര്‍ത്തിക്കുന്നത്.