മൂന്നാം ക്വാര്‍ട്ടറില്‍ ഇരട്ടി നേട്ടവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര

Posted on: January 25, 2022

കൊച്ചി : പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അറ്റാദായം 2021 ഡിസംബര്‍ 31 ന് അവസാന ക്വാര്‍ട്ടറില്‍ രണ്ട് മടങ്ങ് വര്‍ധിച്ച് 325 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ കമ്പനി 154 കോടി രൂപ (പിഎടി) റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ ലാഭമാണിതെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ എ .എസ് രാജീവ് ചൂണ്ടിക്കാട്ടി.

21 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ക്വാര്‍ട്ടറില്‍ 1,306 കോടി രൂപയില്‍ നിന്ന് ബാങ്കിന്റെ അറ്റ പലിശ വരുമാനം 16.9 ശതമാനം വര്‍ധിച്ച് 1,527 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ മുന്‍വര്‍ഷത്തെ 3.06 ശതമാനത്തില്‍ നിന്ന് 3.11 ശതമാനമായി മെച്ചപ്പെട്ടു. ഈ ക്വാര്‍ട്ടറില്‍ ബാങ്കിന്റെ ആസ്തി നിലവാരവും മെച്ചപ്പെട്ടു, മൊത്ത നിഷ്‌ക്രിയ ആസ്തി 7.69 ശതമാനത്തില്‍ നിന്ന് 4.73 ശതമാനമായി കുറഞ്ഞു. അറ്റ എന്‍പിഎ 2.59 ശതമാനത്തില്‍ നിന്ന് 1.24 ശതമാനമായി കുറഞ്ഞു. ബാങ്കിന്റെ ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം 61 ശതമാനത്തില്‍ നിന്ന് 67 ശതമാനമായി മെച്ചപ്പെട്ടു, ഇത് ഉയര്‍ന്ന ലാഭത്തിലേക്ക് നയിച്ചു. 69-70 ശതമാനം ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതമാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ബാങ്കിന്റെ മൊത്തം നിക്ഷേപം 753 കോടിയില്‍ നിന്ന് 838 കോടിയായി ഉയര്‍ന്നു. മുന്‍ഗണനാ മേഖലയിലെ വായ്പാ സര്‍ട്ടിഫിക്കറ്റുകളുടെ വില്പനയിലൂടെ ബാങ്ക് 200 കോടി രൂപ സമാഹരിച്ചു.

പൂനെ ആസ്ഥാനമായുള്ള ബാങ്ക് ഫെബ്രുവരി പകുതിയോടെ യോഗ്യതയുള്ള സ്ഥാപന പ്ലെയ്സ്മെന്റ് വഴി 500-750 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ടയര്‍ 1 ബോണ്ടുകള്‍ വഴി 1,000 കോടി രൂപ സമാഹരിക്കുന്ന കാര്യവും ഞങ്ങള്‍ പരിശോധിക്കും, രാജീവ് പറഞ്ഞു. ബാങ്കിന്റെ പ്രൊവിഷന്‍ കവറേജ് അനുപാതം 89.55 ശതമാനത്തില്‍ നിന്ന് 93.77 ശതമാനമായി മെച്ചപ്പെട്ടു. നാലാം ക്വാര്‍ട്ടറില്‍, 1,000 കോടി രൂപയുടെ വീണ്ടെടുക്കലും നവീകരണവും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.