വി-ഗാര്‍ഡിന് 167 കോടി രൂപ ലാഭം

Posted on: May 30, 2019

കൊച്ചി : വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 167.23 കോടി രൂപ ലാഭം നേടി. മുന്‍ കൊല്ലത്തെക്കാള്‍ 24.6 ശതമാനമാണ് വര്‍ധന. 2019 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കു പ്രകാരമാണിത്.

മുന്‍ വര്‍ഷം 134.25 കോടി രൂപയായിരുന്നു നികുതിക്കു ശേഷമുള്ള ലാഭം. മൊത്തം പ്രവര്‍ത്തന വരുമാനം മുന്‍ കൊല്ലത്തെ 2,335.26 കോടി രൂപയെക്കാള്‍ 11 ശതമാനം വര്‍ധനയോടെ 2594.44 കോടിയായി.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ ലാഭം 59.24 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 27.58 കോടി രൂപയെക്കാള്‍ 115 ശതമാനമാണ് വര്‍ധന. ത്രൈമാസത്തിലെ വിറ്റുവരവ് 12 ശതമാനം വര്‍ധിച്ച് 739.69 കോടി രൂപയായി.

ഓഹരി ഒന്നിന് 80 പൈസ ലാഭ വിഹിതമായി നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഉത്പന്ന രംഗത്തെയും കറന്‍സിയുടെയും ചാഞ്ചാട്ടം മൂലം വെല്ലുവിളികള്‍ ശക്തമായ കാലമായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷമെന്ന് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ള് പറഞ്ഞു.

TAGS: V - Guard |