ബിര്‍ള ഗ്രൂപ്പ് ഡെകറേറ്റീവ് പെയിന്റ് ബ്രാന്‍ഡ് ആയ ബിര്‍ള ഓപസ് പുറത്തിറക്കി

Posted on: February 23, 2024

കൊച്ചി : ബിര്‍ള ഗ്രൂപ്പ് പുതിയ ഡെകറേറ്റീവ് പെയിന്റ് ബ്രാന്‍ഡായ ബിര്‍ള ഓപസ് പുറത്തിറക്കി. മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ തോതിലെ പ്രവര്‍ത്തനങ്ങളോടെ പതിനായിരം കോടി രൂപയുടെ മൊത്ത വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള ഈ ബ്രാന്‍ഡിനു കീഴിലെ ഉത്പന്നങ്ങളും സേവനങ്ങളും പുറത്തിറക്കിയതിലൂടെ 80,000 കോടി രൂപയുടെ ഇന്ത്യന്‍ ഡെകറേറ്റീവ് പെയിന്റ് വിപണിയിലേക്കുള്ള ഗ്രൂപ്പിന്റെ പ്രവേശനത്തിനു കൂടിയാണ് തുടക്കമായത്. പതിനായിരം കോടി രൂപയുടെ നിക്ഷേപവുമായാണ് ഈ ബിസിനസിനു തുടക്കം കുറിക്കുന്നത്.

പെയിന്റ് വ്യവസായ രംഗത്ത് വന്‍ മാറ്റങ്ങളാണ് ബിര്‍ള ഓപസ് വഴി ഉണ്ടാകാന്‍ പോകുന്നതെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള പറഞ്ഞു. തങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതു പോലെ ഫാക്ടറികള്‍, പ്രവര്‍ത്തനങ്ങള്‍, ഉത്പന്നങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവയുമായി ഒരു പെയിന്റ് കമ്പനിയും ലോകത്ത് മുന്നോട്ടു വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പഞ്ചാബ്, ഹരിയാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ മാര്‍ച്ച് പകുതി മുതല്‍ ലഭ്യമാകുന്ന ബിര്‍ള ഓപസ് ഉല്‍പന്നങ്ങള്‍ ജൂലൈയോടെ ഇന്ത്യയില്‍ ഒരു ലക്ഷം ജനസംഖ്യയുള്ള മുഴുവന്‍ പട്ടണങ്ങളിലും എത്തും. ഈ സാമ്പത്തിക വര്‍ഷം ആറായിരം പട്ടണങ്ങളിലേക്ക് വിതരണം വികസിപ്പിക്കാനും പദ്ധതിയുണ്ട്. ബിര്‍ള ഓപസിന്റെ ബ്രാന്‍ഡ് ലോഗോയും ചെയര്‍മാന്‍ പുറത്തിറക്കി.