ജനപ്രീതി നേടി മില്‍മ ചോക്ലേറ്റുകള്‍

Posted on: January 9, 2024

തിരുവനന്തപുരം : മില്‍മ പുറത്തിറക്കിയ ഡെലിസ ഡാര്‍ക്ക് ചോക്ലേറ്റിനും ചോക്കോഫുള്‍ സ്‌നാക്ക്ബാറിനും വന്‍ ഡിമാന്‍ഡ്. രണ്ടു മാസം കൊണ്ട് വന്‍ ജനപ്രീതിയാണ് ഈ പുതിയ ചോക്ലേറ്റ് ഉത്പന്നങ്ങള്‍ക്ക് ഉപയോക്താക്കള്‍ക്കിടയില്‍ നേടാനായത്. ‘റിപൊസിഷനിംഗ് മില്‍മ 2023 പദ്ധതിയുടെ ഭാഗമായി നവംബറില്‍ പുറത്തിറക്കിയ ഡാര്‍ക്ക് ചോക്ലേറ്റ്, സ്‌നാക്ക്ബാര്‍ ഉത്പന്നങ്ങളുടെ വില്പ്പന ഒരു കോടി രൂപ കടന്നു. ഡെലിസ എന്ന പേരില്‍ മൂന്ന് തരം ഡാര്‍ക്ക് ചോക്ലേറ്റുകളും ഒരു മില്‍ക്ക് ചോക്ലേറ്റും ചോക്കോഫുള്‍ എന്ന പേരില്‍ രണ്ട് സ്‌നാക്ക് ബാറുകളുമാണ് മില്‍മ പുറത്തിറക്കിയത്.

പോഷകപ്രദവും പുതിയ തലമുറയുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞു കൊണ്ടുമുള്ള ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിലാണ് മില്‍മ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. ചോക്ലേറ്റുകള്‍ പോലെയുള്ള പുതിയ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ ലഭിച്ച സ്വീകാര്യത മില്‍മയുടെവിപണി വിപുലീകരണത്തെയും വൈവിധ്യവത്കരണത്തെയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മില്‍മ ഡാര്‍ക്ക് ചോക്ലേറ്റില്‍ 50 ശതമാനത്തിലധികം കൊക്കോ അടങ്ങിയിട്ടുണ്ട്. ഏതു പ്രായക്കാര്‍ക്കും ആസ്വദിക്കാവുന്നതും ആരോഗ്യപ്രദവുമായാണ് ഈ ഉത്പന്നം മില്‍മ പുറത്തിറക്കിയിട്ടുള്ളത്.

ഉപയോക്താക്കളെ പരിഗണിച്ചുകൊണ്ട് താരതമ്യേന കുറഞ്ഞ വിലയാണ് മില്‍മ ഡാര്‍ക്ക് ചോക്ലേറ്റിനുള്ളത്. 35 ഗ്രാം, 70 ഗ്രാം പ്ലെയിന്‍ ഡാര്‍ക്ക് ചോക്‌ലേറ്റിനും മില്‍ക്ക് ചോക്ലേറ്റിനും യഥാക്രമം 35, 70 എന്നിങ്ങനെയാണ് വില. 35 ഗ്രാം, 70 ഗ്രാം ഓറഞ്ച്-ബദാം, ഉണക്കമുന്തിരി-ബദാം ചോക്ലേറ്റുകള്‍ക്ക് യഥാക്രമം 40, 80 രൂപയാണ് വില. ചോക്കോഫുള്‍ 12 ഗ്രാമിന് 10, 30 ഗ്രാമിന് 20 രൂപയാണ് വില. ഡെലിസ ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അടങ്ങിയ ഗിഫ്റ്റ് പാക്ക് ലിറ്റില്‍ മൊമന്റ്‌സ്’ എന്നപേരിലും മില്‍മ വിപണിയില്‍ ഇറക്കിയിട്ടുണ്ട്.