ഉപഭോക്താക്കള്‍ക്ക് ഫാഷനബിള്‍ ജൂവല്ലറി ലഭ്യമാക്കാന്‍ ഫ്‌ളിപ്കാര്‍ട്ടും മിയ ബൈ തനിഷ്‌കും സഹകരിക്കുന്നു

Posted on: December 21, 2022

കൊച്ചി: പ്രമുഖ ഇ-കോമേഴ്‌സ് വിപണിയായ ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയിലെ ഏറ്റവും ഫാഷനബിള്‍ ഫൈന്‍ ജൂവല്ലറി ബ്രാന്‍ഡുകളിലൊന്നായ മിയ ബൈ തനിഷ്‌കിന്റെ ആഭരണങ്ങള്‍ ലഭ്യമാക്കും. വൈവിദ്ധ്യമാര്‍ന്ന 14 മുതല്‍ 18 കാരറ്റ് വരെയുള്ള സ്വര്‍ണ ആഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും ഇന്ത്യയിലെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കു ഫ്‌ളിപ്കാര്‍ട്ടിലൂടെ ലഭ്യമാകും. രാജ്യത്തെ മെട്രോ, വന്‍ നഗരങ്ങള്‍, ചെറുകിട പട്ടണങ്ങള്‍ എന്നിവയടക്കമുള്ള മേഖലകളിലെ ഫ്‌ളിപ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് മിയ ബൈ തനിഷ്‌കിന്റെ 900-ത്തില്‍ ഏറെ വരുന്ന ഡിസൈനുകളുടെ കാറ്റലോഗ് ഡിസംബര്‍ 23 മുതല്‍ ലഭിക്കും.

പുതിയ സഹകരണത്തിലൂടെ മിയ ബൈ തനിഷ്‌കിന് തങ്ങളുടെ റീട്ടെയില്‍ സാന്നിധ്യം കുറവായ മേഖലകളിലെ ഉപഭോക്താക്കളിലേക്കും ഫ്‌ളിപ്കാര്‍ട്ടിന്റെ ഉപഭോക്താക്കളിലേക്കും എത്താനാവും. ഇത് ഫൈന്‍ ജുവല്ലറി വിഭാഗം തുടര്‍ച്ചയായി വികസിപ്പിക്കുന്നതിനും ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ ഇന്ത്യാക്കാര്‍ക്ക് പ്രാപ്യമാക്കുവാനുമുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ മുന്‍ഗണനയുടെ ഭാഗമാണ്. 3000 രൂപ മുതല്‍ വില വരുന്ന മിയ ബൈ തനിഷ്‌ക് ശേഖരത്തില്‍ നിന്നുള്ള ഇയര്‍ റിംഗുകള്‍, ബ്രെയ്‌സ്ലെറ്റുകള്‍, കമ്മലുകള്‍, നെക് ലെസുകള്‍, റിംഗുകള്‍ തുടങ്ങിയവ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാകും.

ദിവസേന ധരിക്കാവുന്ന ഫാഷനബിള്‍ ആഭരണങ്ങള്‍ക്കായുള്ള ആവശ്യത്തിന്റെ കാര്യത്തില്‍ ഗണ്യമായ വളര്‍ച്ചയാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയില്‍ വളര്‍ന്ന ഇ-കോമേഴ്‌സ് വിപണിയായ ഫ്‌ളിപ്കാര്‍ട്ട് ഈ അവസരം മനസിലാക്കുകയും തന്ത്രപരമായി ഈ മേഖലയിലെ സേവനങ്ങള്‍ വിപുലമാക്കുകയും ചെയ്യുന്നുണ്ട്.

രാജ്യത്തെ യുവ ഉപഭോക്താക്കള്‍ക്കിടയില്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും വന്‍ തോതിലുള്ള താല്‍പര്യമാണ് ഉണര്‍ത്തിയിട്ടുള്ളത്. ഇന്ത്യക്കാര്‍ എങ്ങനെ ഓണ്‍ലൈനില്‍ ഷോപു ചെയ്യുന്നു എന്നതിനെ കുറിച്ച് ബെയിന്‍ ആന്റ് കമ്പനിയും ഫ്‌ളിപ്കാര്‍ട്ടും നടത്തിയ 2022-ലെ റിപോര്‍ട്ടു പ്രകാരം ഇന്ത്യയിലെ ചെറു പട്ടണങ്ങളില്‍ നിന്നുള്ള പുതുതലമുറ ഓണ്‍ലൈന്‍ ഉപഭോക്താക്കളെ സംബന്ധിച്ച് ഫാഷന്‍ പ്രധാനപ്പെട്ട വിഭാഗമാണ്.

ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഇ കോമേഴ്‌സിലൂടെ പ്രയോജനപ്പെടുത്തുന്ന ഫാഷന്‍ ഫ്‌ളിപ്കാര്‍ട്ടിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട മേഖലയാണെന്ന് ഈ പങ്കാളിത്തത്തെ കുറിച്ചു പ്രതികരിച്ച ഫ്‌ളിപ്കാര്‍ട്ട് ഫാഷന്‍ സീനിയര്‍ ഡയറക്ടര്‍ അഭിഷേക് മാലൂ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ ആഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്ന മിയ ബൈ തനിഷ്‌കിന്റെ ശേഖരം തങ്ങളുടെ ഫാഷന്‍ അസസ്സറി വിഭാഗത്തെ കൂടുതല്‍ ശക്തമാക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മിയ ബൈ തനിഷ്‌ക് വളര്‍ച്ചാ പാതയിലാണെന്നും തങ്ങളുടെ ബ്രാന്‍ഡിന്റെ സവിശേഷതകളുമായി ഉപഭോക്താക്കള്‍ താദാമ്യം പ്രാപിക്കുകയായിരുന്നു എന്നും മിയ ബൈ തനിഷ്‌ക് ബിസിനസ് മേധാവി ശ്യാമള രമണന്‍ പറഞ്ഞു.

ആധികാരികം, തദ്ദേശീയമായി വളര്‍ന്നത്, ഉപഭോക്തൃ കേന്ദ്രീകൃതം തുടങ്ങിയവയാണ് തങ്ങളുടെ പങ്കാളിയാക്കാന്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ദര്‍ശിക്കുന്ന ചില മൂല്യങ്ങള്‍. ഇന്ത്യയിലെമ്പാടുമായി പ്രൊഫഷണലായി സേവനങ്ങള്‍ ലഭ്യമാക്കുന്ന അവര്‍ക്ക് സാന്നിധ്യം പരിമിതമായ മേഖലകളിലെ തങ്ങളുടെ ആരാധകരിലേക്ക് എത്താന്‍ സഹായിക്കാനാവുമെന്നും ശ്യാമള രമണന്‍ പറഞ്ഞു.