സര്‍ക്കാരുമായി സഹകരിച്ച് 95 കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ഗോദ്റെജ് അപ്ലയന്‍സസ്

Posted on: November 4, 2020


കൊച്ചി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി, പ്രമുഖ ഇന്ത്യന്‍ ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ ഗോദ്റെജ് അപ്ലയന്‍സസ്, അടുത്ത ആറു മാസത്തിനുള്ളില്‍ ഇന്ത്യയിലുടനീളമുള്ള സംസ്ഥാനങ്ങളില്‍ 11,856 യൂണിറ്റ് അത്യാധുനിക വാക്സിന്‍ റഫ്രിജറേറ്ററുകളും ഡീപ് ഫ്രീസറുകളും കമ്മീഷന്‍ ചെയ്യാന്‍ ഒരുങ്ങുന്നു.

ഈ അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ രാജ്യത്തൊട്ടാകെയുള്ള വിവിധ സംസ്ഥാന ഡിപ്പോകളിലെ 22 കേന്ദ്രങ്ങളില്‍ എത്തിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് കൈമാറും. 95 കോടി രൂപയുടെ 8767 യൂണിറ്റ് ഐസ്ലൈന്‍ഡ് മെഡിക്കല്‍ റഫ്രിജറേറ്ററുകള്‍ക്കും 3089 യൂണിറ്റ് ഹൊറിസോണ്ടല്‍ ഡീപ് ഫ്രീസറുകള്‍ക്കും അടുത്തിടെ ലേലനടപടിക്രമങ്ങളിലൂടെയാണ് ഗോദ്റെജ് അപ്ലയന്‍സസ് ടെണ്ടര്‍ നേടിയത്.

വാക്സിന്‍ സംരക്ഷണത്തിനും രക്ത സംഭരണത്തിനും ആവശ്യമായ രണ്ടു മുതല്‍ എട്ടു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില നിലനിര്‍ത്താന്‍ ഷുവര്‍ ചില്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഗോദ്റെജ് മെഡിക്കല്‍ റഫ്രിജറേറ്ററുകള്‍ സഹായിക്കും. വൈദ്യുതി തടസമുണ്ടായാല്‍ പോലും 43 ഡിഗ്രി അന്തരീക്ഷ താപനിലയില്‍ 8-12 ദിവസം വരെ ഈ റഫ്രിജറേറ്റര്‍ അതിന്റെ താപനില നിലനിര്‍ത്തും. വൈദ്യുതി വിതരണമില്ലാത്ത പ്രദേശങ്ങളില്‍, സമാനഫലം ലഭിക്കുന്നതിന് ഉപകരണങ്ങള്‍ സൗരോര്‍ജവുമായും ബന്ധിപ്പിക്കാം. വൈദ്യുതി മുടക്കം ഒരു പ്രധാന പ്രശ്നമല്ലാത്ത നഗര പ്രദേശങ്ങള്‍ക്ക് യോജ്യമായെൈ ലറ്റ് സീരീസും ഇതില്‍ ഉള്‍പ്പെടുന്നു, ഇത് മൂന്നു ദിവസത്തെ മതിയായ കാര്യശേഷിയും നല്‍കും.

ഉയര്‍ന്ന ശീതീകരണ കാര്യക്ഷമത ഉറപ്പാക്കുന്നതിന് കൂടുതല്‍ ഉപരിതല സമ്പര്‍ക്കവും വലിയ താപവിനിമയ വ്യാപ്തിയും നല്‍കുന്ന ഡി-ഷേയ്പ്പ്ഡ് കോപ്പര്‍ റഫ്രിജറേറ്റിങ് ട്യൂബ് ഉപയോഗിച്ചാണ് ഡി-കൂള്‍ ടെക്നോളജിയിലുള്ള ഗോദ്റെജ് മെഡിക്കല്‍ ഫ്രീസറുകള്‍.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും വലിയ രോഗപ്രതിരോധ പദ്ധതികളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു. രോഗങ്ങളെ ചെറുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് രോഗപ്രതിരോധം. വൈദ്യുതി മുടക്കം ഉണ്ടെങ്കില്‍ പോലും എല്ലായ്പ്പോഴും 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൃത്യമായ തണുപ്പിക്കല്‍ നല്‍കുന്ന വിധത്തിലാണ് തങ്ങളുടെ ഗോദ്റെജ് മെഡിക്കല്‍ റഫ്രിജറേറ്ററുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. മാത്രമല്ല ഇത് അന്താരാഷ്ട്ര നിലവാരത്തിന് തുല്യവും എല്ലാ ഗോദ്റെജ് ഉപകരണങ്ങളെയും പോലെ പരിസ്ഥിതി സൗഹൃദവുമാണെന്നും കമല്‍ നന്തി പറഞ്ഞു.