കൃഷ്ണ ശ്രീനിവാസന്‍ ഐ.എം.എഫ്. ഏഷ്യ-പസഫിക് മേധാവി

Posted on: June 10, 2022

മുംബൈ : അന്താരാഷ്ട്ര നാണ്യനിധിയുടെ(ഐ.എം.എഫ്.) ഏഷ്യ പസഫിക് ഡിപ്പാര്‍ട്ട്‌മെന്റ് (എ.പി.ഡി.) മേധാവിയായി കൃഷ്ണ ശ്രീനിവാസനെ നിയമിച്ചു. എ.പി.ഡി. ഡയറക്ടറായി ജൂണ്‍ 22-ന് അദ്ദേഹം ചുമതലയേല്‍ക്കുമെന്ന് ഐ.എം.എഫ്. മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ അറിയിച്ചു.

നിലവിലെ എ.പി.ഡി. ഡയറക്ടര്‍ ചാംഗ്യോംഗ് റീ വിരമിക്കുന്നതിനെത്തുടര്‍ന്നാണ് നിയമനം.27വര്‍ഷമായി ഐ.എം.എഫില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പൗരനായ കൃഷ്ണ ശ്രീനിവാസന്‍, നിലവില്‍ എ.പി.ഡി. ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രബിരുദവും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് ബിരുദാനന്തരബിരുദവുമെടുത്ത അദ്ദേഹം, ഇന്ത്യാന സര്‍വകലാശാലയില്‍ ഇക്കണോമിക്‌സില്‍ പിഎച്ച്.ഡിയും നേടിയിട്ടുണ്ട്.