കാംബെല്‍ വില്‍സണ്‍ എയര്‍ ഇന്ത്യ സി.ഇ.ഒ.

Posted on: May 14, 2022

മുംബൈ : സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെ ചെലവുകുറഞ്ഞ വിഭാഗമായ സ്‌കൂട്ട് എയര്‍ലൈനിന്റെ മേധാവിയായിരുന്ന കാംബെല്‍ വില്‍സണെ എയര്‍ ഇന്ത്യയുടെ പുതിയ സി.ഇ.ഒ.യും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചു.

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ജനിച്ച കാംബെലിന് വ്യോമയാനമേഖലയില്‍ 26 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമാണുള്ളത്. ചെലവുകുറഞ്ഞ വിമാനക്കമ്പനികളിലും ഫുള്‍സര്‍വീസ് കമ്പനികളിലും ഒരുപോലെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

ടാറ്റ ഗ്രൂപ്പും സിങ്കപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്നുള്ള വിസ്താര, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ എന്നിങ്ങനെ ഫുള്‍സര്‍വീസ്, ചെലവുകുറഞ്ഞ വിഭാഗങ്ങളിലായി നാലു വിമാനക്കമ്പനികളാണ് ടാറ്റ ഗ്രൂപ്പിനുള്ളത്. അതുകൊണ്ടുതന്നെ ഈ രണ്ടുമേഖലയിലും പരിചയമുള്ളയാളെയാണ് സി.ഇ. ഒ. സ്ഥാനത്തേക്ക് ടാറ്റ ഗ്രൂപ്പ് നോക്കിക്കൊണ്ടിരുന്നത്.

കാംബെലിനെ എയര്‍ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹത്തിന്റെ വിവിധ രാജ്യങ്ങളിലടക്കം മേഖലയിലുള്ള പരിചയം എയര്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുമെന്നും ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.