ആര്‍ കെ പ്രസാദിന് ഇന്‍സ്‌പെയേര്‍ഡ് ഇന്ത്യന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം

Posted on: November 11, 2021

ബെംഗളൂരു : സര്‍ക്കാര്‍ ജോലി നിസ്വാര്‍ത്ഥമായി നിര്‍വ്വഹിക്കുന്നതിലെ മികവിന് ഇന്‍സ്‌പെയേര്‍ഡ് ഇന്ത്യന്‍ ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്‌കാരം മുന്‍ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുള്‍കലാമിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മലയാളി ആര്‍ കെ പ്രസാദ് അര്‍ഹനായി.

ബെംഗലൂരുവില്‍ നടന്ന അഞ്ചാമത് ഗുരു കലാം സ്മാര പ്രഭാഷണ ചടങ്ങില്‍ വച്ചു വി എസ് എസ് സി ഡയറക്ടര്‍ ഡോ എസ് സോമനാഥ് ആര്‍ കെ പ്രസാദിന് പുരസ്‌കാരം സമ്മാനിച്ചു. മുതിര്‍ന്ന ബഹിരാകാശ ശാസ്ത്രജ്ഞനും ഐ ഐ എഫ് മുഖ്യമാര്‍ഗദര്‍ശിയുമായ ഡോ കോട്ട ഹരി നാരായണയും ചടങ്ങില്‍ പങ്കെടുത്തു.

മുന്‍ രാഷ്ട്രപതി ഡോ കലാമിനൊപ്പം ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ ഉള്‍പ്പെടെ 22 വര്‍ഷത്തോളം ജോലി ചെയ്തിട്ടുള്ള ആളാണ് ആര്‍ കെ പ്രസാദ്. അബ്ദുള്‍കലാം രാഷ്ട്രപതിയായപ്പോള്‍ ഇദ്ദേഹത്തെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. തുടര്‍ന്നു രാഷ്ട്രപതി സ്ഥാനത്തു നിന്നും വിരമിച്ച ശേഷവും പ്രസാദ് തന്നെയായിരുന്നു ഡോ കലാമിന്റെ പ്രൈവറ്റ് സെക്രട്ടറി. കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ ഉപദേശക സമിതി അധ്യക്ഷനായി പ്രവര്‍ത്തിക്കുന്ന ആര്‍ കെ പ്രസാദ് പാലക്കാട് കൊപ്പം സ്വദേശിയാണ്.