ഏറ്റവും മികച്ച ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ അവാര്‍ഡ് ഷിജി അലക്‌സിന്

Posted on: November 3, 2021

ചിക്കാഗോ : ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന മീഡിയ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി സമ്മാനിക്കുന്ന ഏറ്റവും മികച്ച ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ അവാര്‍ഡ് ഷിജി അലക്‌സിന് ഈ കോണ്‍ഫെറെന്‍സില്‍ വച്ച് നല്‍കി ആദരിക്കുന്നു. ചിക്കാഗോ സമൂഹത്തില്‍ സുപരിചിതയും , ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ പ്രസിഡന്റും എഴുത്തുകാരിയും പ്രെസന്‍സ് ഹെല്‍ത്ത് സിസ്റ്റത്തില്‍ വൈസ് പ്രസിഡന്റ് ഓഫ് ഓപറേഷന്‍സ് ആയി ഷിജി അലക്‌സ് സേവനം ചെയ്യുന്നു.

കോവിഡ് കാലത്ത് മലയാളി സമൂഹത്തിന് വ്യക്തിപരമായി നല്‍കിയ സേവനങ്ങളും, താന്‍ പ്രസിഡണ്ട് എന്ന നിലയില്‍ പ്രതിനിധാനം ചെയ്യുന്ന ചിക്കാഗോയിലെ നേഴ്‌സിംഗ് സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിലുമാണ് ഇദംപ്രഥമമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ അവാര്‍ഡിന് ഷിജി അലക്‌സിനെ തെരെഞ്ഞെടുത്തിട്ടുള്ളത് എന്ന് IPCNA പ്രതിനിധീകരിച്ച് പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. അടുത്തവാരത്തില്‍ (നവംബര്‍ 11 മുതല്‍ 14 വരെ) റിനയസന്‍സ് ചിക്കാഗോ ഗ്ലെന്‍വ്യൂ സ്യൂട്ട്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തപെടുന്ന മീഡിയ കോണ്‍ഫ്രന്‍സ് വേദിയില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും.

കേരള സര്‍ക്കാര്‍ നേഴ്‌സിംഗ് കോളേജില്‍ നിന്നും ബിരുദം കരസ്ഥമാക്കി , 2006 ലാണ് ഷിജി അലക്‌സ് അമേരിക്കയിലേക്ക് കുടിയേറിയത്. തുടര്‍ന്ന് ചിക്കാഗോയിലെ വിവിധ ആശുപത്രികളില്‍ സേവനം ചെയ്യുന്നതിനോടൊപ്പം നേഴ്സിംഗ് ലീഡര്‍ഷിപ്പിലും ബിസിനസ് അഡ്മിനിസ്ട്രഷനിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കുകയും ഒരു പ്രൊഫഷണല്‍ നേഴ്‌സ് എന്ന നിലയില്‍ നേഴ്സിംഗിന്റെ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്യുകയായിരുന്നു.

അമീതാ ഹെല്‍ത്തില്‍ ഡിറക്ടര്‍ എന്ന സ്ഥാനം അലങ്കരിക്കുന്ന സമയത്താണ് കോവിഡ് തരംഗം ആഞ്ഞടിക്കുന്നതും ആശുപത്രികളും പൊതു സമൂഹവും അതിജീവനത്തിനായുള്ള പോരാട്ടത്തിലേക്ക് കടക്കുന്നതും. താന്‍ സേവനം ചെയ്യുന്ന ആശുപത്രിയെ കൊവിഡിനെ പ്രതിയോധിക്കുവാനും ചികല്‌സിക്കുവാനും വേണ്ടി സജ്ജമാക്കുക എന്ന കര്‍ത്തവ്യത്തിനോടൊപ്പം ചിക്കാഗോയിലെ വിവിധ മലയാളി സംഘടനകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും അവരിലൂടെ നിരവധിപേര്‍ക്ക് ചികിത്സാ സഹായങ്ങള്‍ ഏകോപിപ്പിക്കുവാനും ഷിജി അലക്‌സ് നേതൃത്വം നല്‍കി. കോവിഡ് ബാധിതയായിരിക്കുന്ന സമയത്തുപോലും സഹായം വേണ്ടവര്‍ക്ക് സഹായങ്ങളും സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടും വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചും മാര്‍ഗ്ഗ നിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു.

INAI യുടെ പ്രസിഡണ്ട് , അമേരിക്കയിലെ എഴുത്തുകാരുടെ കൂട്ടായമയായ LANA യുടെ സജീവാംഗം, സാംസ്‌കാരിക സംഘടന ആയ അലയുടെട പ്രസിഡന്റ് , മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്കര്‍ഹയാണ് ഷിജി അലക്‌സ്. അമേരിക്കയിലെ ഹെല്‍ത്ത് കെയര്‍ ഓപ്പറേഷന്‍സ് മേഖലയിലെ മുഖ്യാധാരാ നേതൃത്വത്തിലേക്ക് കടന്നുവരുകയും നേതൃത്വ പാടവം തെളിയിക്കുകയും ചെയ്ത ചുരുക്കം മലയാളി വനിതകളില്‍ ഒരാളാണ് ഷിജി അലക്‌സ്.

കോവിഡ് ദുരിതാശ്വസസഹായമായി കേരളത്തിലേക്ക് ഒന്നരകോടി രൂപയുടെ ജീവന്‍ രക്ഷ ഉപകരണങ്ങള്‍ അയച്ചത് ഷിജിയുടെ നേതൃത്വത്തില്‍ ആയിരുന്നു. ഇപ്പോള്‍ സൈക്കോളജി ആന്‍ഡ് കൗണ്‍സിലിംഗില്‍ ഡോക്ടറേറ്റ് ചെയ്യുന്നു. ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ ആയി ജോലി ചെയ്യുന്ന അലക്‌സ് തോമസ്, മക്കള്‍ ആഷ്‌ന അലക്‌സ് , ക്രിസ്റ്റ അലക്‌സ് എന്നിവരോടൊപ്പം, ചിക്കാഗോയ്ക്കടുത്ത് ഡെസ് പ്ലൈന്‍സില്‍ താമസിക്കുന്നു.

TAGS: Shiji Alex |