ഇന്‍ഡസ്ട്രിയല്‍, ബിഎഫ്എസ്‌ഐ മേഖലകള്‍ക്ക് പുതിയ ബിസിനസ് തലവന്മാരെ പ്രഖ്യാപിച്ച് നെസ്റ്റ് ഡിജിറ്റല്‍

Posted on: September 22, 2021

കൊച്ചി : കമ്പനിയുടെ ഇന്‍ഡസ്ട്രിയല്‍, ബിഎഫ്എസ്ഐ വിഭാഗങ്ങളെ നയിക്കാന്‍ പരിചയസമ്പന്നരായ വിദഗ്ധരെ നിയമിച്ച് നെസ്റ്റ് ഡിജിറ്റല്‍. നെസ്റ്റിന്റെ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഎഫ്എസ്ഐ വിഭാഗത്തെ വൈഭവ് ശര്‍മ്മ നയിക്കും. ഇന്‍ഡസ്ട്രിയല്‍ ഇടപാടുകള്‍ക്ക് രാജീവ് ദേശ്പ്രഭുവായിരിക്കും ഇനി ചുക്കാന്‍ പിടിക്കുക. മാനുഫാക്ചറിംഗ് ഓട്ടോമേഷന്‍, ഓട്ടോമോട്ടീവ്, വ്യോമയാനം, പ്രതിരോധം, റെയില്‍, സമുദ്ര ഗതാഗതം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനമായിരിക്കും ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ വിഭാഗത്തില്‍ രാജീവ് ദേശ്പ്രഭുവിന്റെ ചുമതല.

ശക്തമായ ഉപഭോക്തൃ അടിത്തറയാണ് നെസ്റ്റിന്റെ ബലമെന്നും അവരുമായുള്ള സമ്പര്‍ക്കവും ആശയവിനിമയവും കൂടുതല്‍ മെച്ചപ്പെടുത്താനാണ് പരിചയസമ്പന്നരെ നേതൃതലത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നതെന്നും കമ്പനിയുടെ സിഇഒ നാസ്നീന്‍ ജഹാംഗീര്‍ പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കൊപ്പം ഉപഭോക്താക്കളുടെ അഭിരുചിയും തിരിച്ചറിഞ്ഞ് സഹായിക്കുകയെന്ന നെസ്റ്റ് ഡിജിറ്റലിന്റെ ലക്ഷ്യത്തെ ഇത് കൂടുതല്‍ ഉത്തേജിപ്പിക്കുമെന്നും നാസ്നീന്‍) വ്യക്തമാക്കി.

ബാങ്കിംഗ്, റീട്ടെയ്ല്‍ വ്യവസായങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങളില്‍ ഇരുപത്തിരണ്ട് വര്‍ഷത്തെ പരിയമുള്ള വ്യക്തിയാണ് വൈഭവ് ശര്‍മ്മ. ഗള്‍ഫ് രാജ്യങ്ങളിലെ മുപ്പതോളം ബാങ്കുകളുമായി മികച്ച ബന്ധമുള്ള നെസ്റ്റിനെ യൂറോപ്പിലേക്കും വടക്കന്‍ ആഫ്രിക്കയിലേക്കും വിപുലീകരിക്കുന്നതിനു വേണ്ട ക്രിയാത്മക ഇടപെടലുകളും പദ്ധതിയും ആവിഷ്‌കരിക്കുകയാണ് വൈഭവിന് മുന്നിലുള്ള ലക്ഷ്യം. ഡിജിറ്റല്‍ സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കും നൂതനമായ ആശയങ്ങള്‍ക്കും വലിയ സാധ്യതയാണുള്ളതെന്നും അവയെ തിരിച്ചറിഞ്ഞ് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും വൈഭവ് ശര്‍മ്മ പറഞ്ഞു. പ്രതിഭാശാലികളായ കൂടുതല്‍ പേരെ കണ്ടെത്തി കൊച്ചിയിലും ദുബായിലുമുള്ള എഞ്ചിനീയറിംഗ് വിദഗ്ധ സംഘത്തെ ശക്തിപ്പെടുത്തുമെന്നും വൈഭവ് അറിയിച്ചു.

ഇരുപത്തിയാറ് വര്‍ഷത്തോളം ടാറ്റ എല്‍ക്സിയുടെ യൂറോപ്യന്‍ സെയില്‍സ് ഓപ്പറേഷന്‍സ് തലവനായിരുന്ന രാജീവ് ദേശ്പ്രഭു കമ്പനിയുടെ ഓട്ടോമോട്ടീവ്, ഇന്‍ഡസ്ട്രിയല്‍ വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. നെസ്റ്റിന്റെ ശക്തമായ ഉപഭോക്തൃ ബന്ധവും എഞ്ചിനീയറിംഗ് ഡിസൈന്‍, സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍, സ്‌പെഷ്യലൈസ്ഡ് മാനുഫാക്ച്ചറിംഗ് എന്നിവയിലുള്ള പ്രാവീണ്യം എടുത്തുപറയേണ്ടതാണെന്നും രാജീവ് ദേശ്പ്രഭു പറഞ്ഞു. ഇവയെ ഏകോപിപ്പിച്ച് ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് ഉപഭോക്താക്കളെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്പന്നങ്ങളുടെ രൂപകല്‍പനയിലും നിര്‍മ്മാണത്തിലും ഏറ്റവും മികച്ചത് ആവിഷ്‌കരിച്ച് വൈവിധ്യമാര്‍ന്ന ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാനാണ് നെസ്റ്റ് ശ്രമിക്കുന്നത്. ഇതുവഴി ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കാനാവുമെന്നും രാജീവ് ദേശ്പ്രഭു പറഞ്ഞു

 

TAGS: Nest Digital |