റവ. ഡോ. ആന്റണി നിരപ്പേൽ തൊട്ടതെല്ലാം പൊന്നാക്കി വിദ്യാഭ്യാസ വിചഷണൻ

Posted on: July 21, 2021

കാഞ്ഞിരപള്ളി : കാഞ്ഞിരപ്പള്ളി രൂപതയിലെ മുതിര്‍ന്ന വൈദികനും സഭൈക്യ പ്രസ്ഥാനങ്ങളുടെ മുന്നണി പ്രവര്‍ത്തകനുമായ റവ. ഡോ. ആന്റണി നിരപ്പേല്‍ (85)അന്തരിച്ചു.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തുടക്കമിട്ട അദ്ദേഹം കാഞ്ഞിരപ്പള്ളി വിയാനി ഹോമില്‍ വിശ്രമജീവിതത്തിലായിരുന്നു. സംസ്‌കാരം ഇന്നു ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയില്‍ നടത്തും. ഉച്ചകഴിഞ്ഞ് ഒന്നിന് ചെങ്ങളത്ത് സഹോദരന്‍ ഇമ്മാനുവേല്‍ നിരപ്പേലിന്റെ വസതിയില്‍ നടത്തുന്ന സംസ്‌കാര ശുശ്രഷകള്‍ക്കു ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം, തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയില്‍ രണ്ടിനാരംഭിക്കുന്ന ശുശ്രൂഷകളില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ കാര്‍മികരാകും.

ചെങ്ങളം ഇടവക നിരപ്പേല്‍ കുഞ്ഞുമത്തായിയും റോസമ്മയുമാണു മാതാപിതാക്കള്‍. ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ വെദിക പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം ബല്‍ജിയത്തിലെ ലുവെന്‍ യൂണിവേഴ്‌സിറ്റിയിലും ലൂമെന്‍ വീത്ത കാറ്റക്കെറ്റിക്കല്‍ ഇന്‍സ്മിറ്റിയൂട്ടിലും ഉപരിപഠനംനടത്തി. 1963 മാര്‍ച്ച് 11-നു പൗരോഹിത്യം സ്വീകരിച്ചു. ചങ്ങനാശേരി കത്തീഡ്രല്‍ പള്ളിയില്‍ അസിസ്റ്റന്റ്വികാരി, ചങ്ങനാശേരി സന്ദേശനിലയം അസിന്റ് ഡയറക്ടര്‍, ചങ്ങനാശേരി അതിരൂപതാ പാപ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, കാഞ്ഞിരപ്പള്ളി രൂപതയിലെ താമരക്കുന്ന്, പൊന്‍കുന്നം, ആനക്കല്ല്, വെളിച്ചിയാനി, എലിക്കുളം, കൂവപ്പള്ളി എന്നിവിടങ്ങളില്‍ വികാരിഎന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍, ചെങ്ങളം മേഴ്‌സി ഹോസ്പിറ്റല്‍, എസ്.എച്ച്. സ്‌കൂള്‍, ചിറക്കടവ് സെന്റ് ഇഫ്രംസ് ഹൈസ്‌കൂള്‍, സെന്റ് അപ്രംസ് മെഡിക്കല്‍ സെന്റര്‍, കാഞ്ഞിരപ്പള്ളി സെന്റ്ആന്റണീസ് കോളജ് എന്നിവ സ്ഥാപിക്കുന്നതിനു നേതൃത്വം നല്‍കി, സഹോദരങ്ങള്‍: മാത്യു(കണ്ണൂര്‍), സ്‌കറിയ (കാസര്‍ഗോഡ്), ഇമ്മാനുവേല്‍ (ചെങ്ങളം), ഫിലോമിന വെട്ടിക്കുഴിയില്‍ (ഇളങ്ങുളം), പരേതരായജോസഫ് (പാണപിലാവ്), സിര്‍ വില്ലനോവ (എഫ്.സി.സി), സിസര്‍ സോഫി റോസ് (എസ്.എച്ച്), അന്നമ്മ തെക്കേമുറി(ആലക്കോട്).