ഡോ. പി.വി. രാഘവവാരിയര്‍ക്ക് അന്ത്യാഞ്ജലി

Posted on: February 24, 2021

മധുര: ആയുര്‍വേദപണ്ഡിതനും മധുര ആര്യവൈദ്യനിലയം (എ.വി.എന്‍. ഗ്രൂപ്പ് ഓഫ് കമ്പനീസ്) ചെയര്‍മാനുമായ പട്ടാമ്പി ചെരിപ്പൂര്‍ അയ്യപ്പന്‍കാവ് പുത്തന്‍ വാരിയത്ത് ഡോ. പി.വി. രാഘവവാരിയര്‍ (88) അന്തരിച്ചു. മധുര പശുമലൈ വേളാച്ചേരി റോഡ് ‘പ്രശാന്തി’യിലായിരുന്നു താമസം.

ടി. മാധവവാരിയരുടെയും പാറുക്കുട്ടി വാരസ്യാരുടെയും മകനായി 1932-ലാണ് ജനനം. കരിമ്പുഴ സ്‌കൂളില്‍നിന്ന് പ്രാഥമികവിദ്യാഭ്യാസം നേടി. കോട്ടയ്ക്കല്‍ ആയുര്‍വേദ പാഠശാലയില്‍നിന്ന് ഒന്നാം റാങ്കോടെ പാസായതിനുശേഷം, അമ്മാവന്‍ പി.വി. രാമവാരിയരുടെ നിര്‍ദേശാനുസരണം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ മദ്രാസ് ശാഖയുടെ മാനേജരായി സേവനമാരംഭിച്ചു. പാലക്കാട് കഞ്ചിക്കോട് ഫാക്ടറിയുടെ ചുമതലക്കാരനായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ആര്യവൈദ്യശാലയുടെ ഡല്‍ഹി ശാഖയുടെ ആദ്യത്തെ പ്രധാനവൈദ്യനായി നിയമിതനായി. പിന്നീട് ആര്യവൈദ്യന്‍ എന്‍. രാമവാരിയരോടൊപ്പം മധുരയിലെ ആര്യവൈദ്യനിലയത്തില്‍ സേവനമാരംഭിച്ചു. രാമവാരിയരുടെ മരണശേഷം ആര്യവൈദ്യനിലയത്തിന്റെ പ്രധാനവൈദ്യനും ചെയര്‍മാനുമായി ചുമതലയേറ്റു.

മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും എ.വി.എന്‍. ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ആയുര്‍വേദസംബന്ധിയായ ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ പേരിലുള്ള വൈദ്യമഠം ശ്രീ ദക്ഷിണാമൂര്‍ത്തി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ മീനാക്ഷി വാരസ്യാര്‍ (പൊല്‍പ്പുള്ളി വാരിയം). മക്കള്‍: ഡോ. രമേഷ് ആര്‍. വാരിയര്‍ (മാനേജിങ് ഡയറക്ടര്‍, എ.വി.എന്‍. ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഡോ. ശ്രീദേവി രാജീവ് (ഡയറക്ടര്‍, എ.വി.എന്‍. ഗ്രൂപ്പ്). മരുമക്കള്‍: ലത രമേഷ് (എടക്കുന്നി വാരിയം), ഡോ. രാജീവ് സി. വാരിയര്‍ (ഡയറക്ടറും ചീഫ് ഫിസിഷ്യനും, എ.വി.എന്‍. ഗ്രൂപ്പ്). രാഘവവാരിയരുടെ അമ്മയുടെ സഹോദരിയുടെ മകനാണ് എ.വി.പി. മുന്‍ എം.ഡി. പരേതനായ ഡോ. പി.ആര്‍. കൃഷ്ണകുമാര്‍.