ഐ.പി.സി.എന്‍.എ മാധ്യമ ശ്രീ അവാര്‍ഡ്: തോമസ് ജേക്കബ് ജഡ്ജിംഗ് കമ്മിറ്റി അധ്യക്ഷന്‍

Posted on: February 8, 2021

ചിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) ഏഴാമത് മാധ്യമ ശ്രീ പുരസ്‌കാര ജേതാവിനെ തീരുമാനിക്കുവാന്‍ നാലംഗ ജഡ്ജിംഗ് പാനലിനെ ചുമതലപ്പെടുത്തി. മനോരമ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് അധ്യക്ഷനായ കമ്മിറ്റിയില്‍ ദീപിക സീനിയര്‍ എഡിറ്ററായിരുന്ന അലക്സാണ്ടര്‍ ജേക്കബ്, ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്ററായിരുന്ന പി.എസ് . ജോസഫ്, അമേരിക്കയില്‍ നിന്ന് പ്രമുഖ ഭിഷഗ്വരനും എഴുത്തുകാരനുമായ ഡോ. എം.വി.പിള്ള എന്നിവരാണ് അംഗങ്ങള്‍ .

മാധ്യമശ്രീ അവാര്‍ഡ് കേരളത്തിലെ ഏറ്റവും വലിയ മാധ്യമ അവാര്‍ഡുകളിലൊന്നാണ്. ഒരു ലക്ഷം രൂപയും ശില്പവുമാണ് സമ്മാനം. കൂടാതെ അവാര്‍ഡ് ജേതാവിനെ നവംബര്‍ രണ്ടാം വാരം ചിക്കാഗോയിലെ ഹോളിഡേ ഇന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന പ്രസ് ക്ലബ് ഇന്റര്‍നാഷണല്‍ കോണ്‍ഫെറെന്‍സിലേക്ക് ക്ഷണിക്കുകയും ചെയ്യും.

എന്‍.പി. രാജേന്ദ്രന്‍ (മാതൃഭൂമി) അടുത്തയിടക്ക് അന്തരിച്ച ഡി. വിജയമോഹന്‍ (മനോരമ) എം.ജി. രാധാകൃഷ്ണന്‍ (ഏഷ്യാനെറ്റ്) ജോണി ലൂക്കോസ് (മനോരമ ടിവി) ഇപ്പോള്‍ എം.എല്‍.എ ആയ വീണാ ജോര്‍ജ്, അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ജോസി ജോസഫ് എന്നിവരാണ് നേരത്തെ ഈ അവര്‍ഡ് നേടിയിട്ടുള്ളത്.

മാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെയെങ്കിലും പരിചയമുള്ളവര്‍ക്ക് മാധ്യമ ശ്രീ അവാര്‍ഡിന് അപേക്ഷിക്കാം. ആര്‍ക്ക് വേണമെങ്കിലും പേര് നോമിനേറ്റ് ചെയ്യാം. വിവരങ്ങള്‍ ഈ-മെയിലില്‍ അറിയിക്കുക [email protected]

കോവിഡിന്റെ പശ്ചാത്തലത്തില്‍ മാധ്യമശ്രീ പുരസ്‌കാരം നല്‍കുന്ന ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് പിന്നീട് തീരുമാനിക്കും. നാഷണല്‍ കോണ്‍ഫറന്‍സില്‍ വച്ച് മാധ്യമ രത്‌ന അവാര്‍ഡും പതിവ് പോലെ സമ്മാനിക്കും. കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും. അമേരിക്കയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്യും.

പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയില്‍ നാഷനല്‍ എക്‌സിക്യുടിവിന്റെയും ചാപ്ടര്‍ പ്രസിഡന്റുമാരുടെയും യോഗം നടന്നു. ജനറല്‍ സെക്രട്ടറി സാമുവല്‍ ഈശോ (സുനില്‍ ട്രൈസ്റ്റാര്‍) ട്രഷറര്‍ ജീമോന്‍ ജോര്‍ജ്, നിയുക്ത പ്രസിഡന്റ് സുനില്‍ തൈമറ്റം കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും എല്ലാ ചാപ്റ്റര്‍ പ്രെസിഡന്റുമാരും പങ്കെടുത്തു.