യുപിഎല്‍ ചെയര്‍മാനും എംഡിയുമായ രജ്നികാന്ത് ഡി. ഷ്രോഫിന് പത്മഭൂഷണ്‍

Posted on: January 29, 2021

കൊച്ചി : സുസ്ഥിര കാര്‍ഷിക ഉത്പന്നങ്ങളും പ്രതിവിധികളും ലഭ്യമാക്കുന്ന ആഗോള ദാതാക്കളായ യുപിഎല്‍ ലിമിറ്റഡ് സ്ഥാപകന്‍ രജ്നികാന്ത് ദേവിദാസ്ഭായ് ഷ്രോഫിന് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ അവാര്‍ഡുകളിലൊന്നായ പത്മഭൂഷണ്‍ പുരസ്‌കാരം. വാണിജ്യ വ്യവസായ രംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പത്മഭൂഷണ്‍.ഈ വര്‍ഷം 119 പത്മപുരസ്്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഇതില്‍ പത്മഭൂഷണ്‍ ലഭിച്ച ഏക വ്യവസായിയാണ് ഷ്രോഫ്.

താന്‍ എല്ലായ്പ്പോഴും ഉറച്ച ഒരു ദേശീയവാദിയാണെന്നും ഈ മഹത്തായ രാഷ്ട്രത്തിന്റെയും, അതിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയുടെയും, വളര്‍ച്ചയുടെ ഭാഗമാകാന്‍ എനിക്ക് ലഭിച്ച എല്ലാ അവസരങ്ങള്‍ക്കും താന്‍ എന്നും നന്ദിയുള്ളവനാണെന്നും യുപിഎല്‍ ലിമിറ്റഡ് സിഎംഡി രജ്നികാന്ത് ഡി. ഷ്രോഫ് പറഞ്ഞു. ഇത്തരമൊരു അഭിമാനകരമായ അവാര്‍ഡ് ലഭിക്കുന്നത് യുപിഎല്‍ ലിമിറ്റഡ് ഗ്രൂപ്പിന് ഏറെ സന്തോഷവും അഭിമാനവും നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

50 വര്‍ഷത്തിലേറെയായ പ്രൊഫഷണല്‍ കരിയറില്‍, കാര്‍ഷിക സാങ്കേതിക മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക്നിരവധി അംഗീകാരങ്ങളും ഉയര്‍ന്ന ബഹുമതികളും ഷ്രോഫ് നേടിയിട്ടുണ്ട്. സാമൂഹ്യ സേവന രംഗത്തും ഇദ്ദേഹം സജീവമാണ്.വെറും നാലു ലക്ഷം രൂപ അടിസ്ഥാന മൂലധനമായി, 1969ല്‍ ഗുജറാത്തിലെ വാപ്പിയില്‍ ചെറുകിട കെമിക്കല്‍ യൂണിറ്റായാണ് യുപിഎല്‍ ലിമിറ്റഡിന്റെ തുടക്കം.

നിലവില്‍ അഞ്ചു ബില്യണ്‍ യുഎസ് ഡോളര്‍ വിറ്റുവരവുള്ള, ലോകമെമ്പാടുമുള്ള 14000 ത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന, ഇന്ത്യയിലെ ഏക മള്‍ട്ടി-നാഷണല്‍, മള്‍ട്ടി-കള്‍ച്ചറല്‍ അഗ്രോകെമിക്കല്‍ കമ്പനിയാണിത്.ഇന്ത്യയിലെ അഗ്രോകെമിക്കല്‍ മേഖലയിലെ വ്യാവസായികവല്‍ക്കരണം വിപുലീകരിക്കുക, ഇന്ത്യന്‍ കര്‍ഷകന് മിതമായ നിരക്കില്‍ നിലവാരമുള്ള ഉത്പന്നങ്ങള്‍ നിര്‍മിച്ച് രാജ്യത്തിന് വിദേശനാണ്യ കൈമാറ്റം ലഭിക്കുക തുടങ്ങിയവയാണ് കമ്പനി ലക്ഷ്യമിടുന്നത്.