വി എം കോയമാസ്റ്റര്‍ കിണാശ്ശേരി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍

Posted on: January 25, 2021

തിരുവനന്തപുരം : സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള സംസ്ഥാന ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ഓര്‍ഫനേജ് ആന്‍ഡ് അദര്‍ ചാരിറ്റബിള്‍ ഹോംസ് ചെയര്‍മാനായി വി എം കോയമാസ്റ്റര്‍ കിണാശ്ശേരിയെ തിരഞ്ഞെടുത്തു. എ എം ആരിഫ് എം പിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ബോര്‍ഡ് യോഗമാണ് വി എം കോയ മാസ്റ്ററെ ചെയര്‍മാനായി ഐകകണ്ഠേന തിരഞ്ഞെടുത്തത്. പി ടി എ റഹീം എം എല്‍ എയാണ് വി എം കോയമാസ്റ്ററുടെ പേര് നിര്‍ദേശിച്ചത്.

നിയമസഭാ സാമാജികരില്‍ നിന്ന് തിരഞ്ഞെടുത്ത മൂന്നുപേരും ക്ഷേമ സ്ഥാപനങ്ങളിലെ മാനേജിംഗ് കമ്മിറ്റിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരും സംസ്ഥാന സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ആറ് അംഗങ്ങളും സാമൂഹിക നീതി വകുപ്പിലെ അഡി. ഡയറക്ടറുടെ റാങ്കിലുള്ള മെമ്പര്‍ സെക്രട്ടറിയുള്‍പ്പെടെ 15 പേര്‍ അടങ്ങുന്നതാണ് ബോര്‍ഡ്. ഇതില്‍ സര്‍ക്കാര്‍ നോമിനേറ്റഡ് അംഗങ്ങളില്‍ ഒരൊഴിവുണ്ട്. അഡ്വ. എ എം ആരിഫ് എം പി, എം എല്‍ എമാരായ പി ടി എ റഹീം, വി ആര്‍ സുനില്‍കുമാര്‍, അഡ്വ. എം ഉമര്‍, റവ. ഫാദര്‍ റോയ് മാത്യു, ഫാ. ലിജോ ചിറ്റിലപ്പള്ളി, ഇ പി ഇമ്പിച്ചിക്കോയ, റവ. ഫാദര്‍ ജോര്‍ജ് ജോഷ്വാ, മിനി ഡേവിഡ്, സിസ്റ്റര്‍ വിനീത, പുനലൂര്‍ സോമരാജന്‍, സുമലത മോഹന്‍ദാസ് എന്നിവരാണ് മറ്റ് ബോര്‍ഡ് അംഗങ്ങള്‍.

ആള്‍ ഇന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി, കേന്ദ്രസര്‍ക്കാറിന്റെ മദ്റസ ഓര്‍ഗനൈസേഷന്‍ സമിതി അംഗം എന്നിവയുള്‍പ്പെടെ നിരവധി മഹല്ലുകളുടെയും സ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയും വഹിച്ചുവരുന്നുണ്ട്. കോഴിക്കോട് പൊക്കുന്ന് സ്വദേശിയാണ്. ഭാര്യ ഐശ. മക്കള്‍: മുഹമ്മദ് അസ്ലം, നിസാര്‍