ലണ്ടനിലെ മലയാളി വ്യവസായി ബോളീൻ മോഹനന് നാടിന്റെ അന്ത്യാഞ്ജലി

Posted on: January 18, 2021

ലണ്ടന്‍ : ലണ്ടനിലെ പ്രമുഖ മലയാളി വ്യവസായി ബോളീന്‍ മോഹനന്‍(66) കോവിഡ് ബാധിച്ച് മരിച്ചു. ഈസ്റ്റ് ലണ്ടനിലെ എന്‍.എച്ച്.എസ്. ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്.

കൊല്ലം- കരുനാഗപ്പള്ളി കൊച്ചയ്യത്ത് പരേതരായ കെ.കെ.കുമാരന്‍ വൈദ്യന്റെയും കനകലതയുടെയും മകനാണ്. ഈസ്റ്റ് ലണ്ടനില്‍ വെസ്റ്റ് ഹാം ഫുട്ബോള്‍ സ്റ്റേഡിയത്തിനടുത്തായി ബോളീന്‍ എന്ന പേരില്‍ സിനിമാ തിയേറ്റര്‍ കോംപ്ലക്സ് നടത്തിയിരുന്നു. ഹോട്ടല്‍, ട്രാവല്‍ ഏജന്‍സി, മണി എക്സ്ചേഞ്ച് ബിസിനസുകളും ഉണ്ടായിരുന്നു. കരമന പള്ളിത്താനത്താണ് മോഹനന്റെ കുടുംബം. ഭാര്യ: സുശീലാ മോഹനന്‍ (ലണ്ടന്‍). മക്കള്‍: ഹരിനാരായണന്‍ (ടൈനി ടോട്സ്, തിരുവനന്തപുരം), ശ്രീലക്ഷ്മി (വേദാനിശി സില്‍ക്സ്, തിരുവനന്തപുരം). മരുമക്കള്‍: വരുണ്‍നാഥ് (അമീസ് അസോസിയേറ്റ്സ്, തിരുവനന്തപുരം), പ്രസീത.

1985-90 കാലഘട്ടത്തില്‍ ലണ്ടനിലെത്തിയ മോഹനന്‍ ആദ്യം ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ ഹരിശ്രീ എന്നപേരില്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് തുടങ്ങി. 1992-ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുരസ്‌കാരം നേടാനും അദ്ദേഹത്തിനായി. 1993-ല്‍ ഉപരാഷ്ട്രപതിയായിരുന്ന കെ.ആര്‍.നാരായണന്‍ ഈ റെസ്റ്റോറന്റ് സന്ദര്‍ശിച്ചിട്ടുണ്ട്.

കോണ്ടിനെന്റല്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്ന സ്ഥാപനവും നടത്തിയിരുന്നു. മലയാളി സമാജത്തിന്റെ മുന്‍നിര പ്രവര്‍ത്തകരിലൊരാളായിരുന്നു. യൂറോപ്പില്‍ മലയാളം സാറ്റലൈറ്റ് ചാനലുകള്‍ എത്തിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. ശവസംസ്‌കാരം പിന്നീട്.

 

TAGS: Boleyn Mohanan |