ഗ്രീന്‍കോ ഗ്രൂപ്പ് 1000 വലിയ മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിമാനത്തില്‍ എത്തിച്ചു

Posted on: May 17, 2021

കൊച്ചി : പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജരംഗത്ത് ഇന്ത്യയിലെ  കമ്പനികളിലൊന്നായ ഗ്രീന്‍കോ ഇന്ത്യയിലേയ്ക്ക് അടിയന്തരമായി മെഡിക്കല്‍ ഓക്‌സിജന്‍ എത്തിച്ചു. മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി 1000 വലിയ മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് അഞ്ച് കാര്‍ഗോ വിമാനങ്ങളിലായി എത്തിക്കുന്നത്. ആദ്യത്തെ വിമാനത്തില്‍ 200 വലിയ മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഇന്നലെ ഹൈദരാബാദില്‍ എത്തി. മിനിട്ടില്‍ പത്ത് ലിറ്റര്‍ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന ഇവ മഹാമാരിയുടെ മാരകമായ രണ്ടാം തരംഗത്തെ ചെറുക്കാനുള്ള ഇന്ത്യയുടെ പ്രതിരോധത്തിന് ശക്തി പകരും.

കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള വിതരണശൃംഖലയില്‍നിന്നായി ലഭ്യമാക്കിയ അഞ്ച് കാര്‍ഗോ വിമാനങ്ങളില്‍ ആദ്യത്തേതാണ് ഇപ്പോള്‍ എത്തിയിരിക്കുന്നതെന്നും അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ നാല് വിമാനങ്ങള്‍കൂടി വലിയ മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുമായി എത്തുമെന്നും ഗ്രീന്‍കോ എംഡിയും സിഇഒയുമായ അനില്‍ ചാലമസെട്ടി പറഞ്ഞു.

ടിയര്‍ 2, ടിയര്‍ 3 നഗരങ്ങളില്‍ രോഗികള്‍ക്ക് പ്രീ-ഐസിയു സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പോസ്റ്റ് ഐസിയു സ്റ്റെബിലൈസേഷനും ഇത് സഹായിക്കും. ആരോഗ്യസംരക്ഷണ രംഗത്തെ അടിസ്ഥാന സൗകര്യത്തിനും പിന്തുണ സംവിധാനങ്ങള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തിയ കോവിഡിന്റെ രണ്ടാം തരംഗത്തെയും പടരുന്ന പുതിയ മാരകമായ ഇനത്തെയും ചെറുക്കുന്നതിന് ഇതുവഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

തെലങ്കാനയിലെ മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് അര്‍ബന്‍ ഡവലപ്‌മെന്റ്, ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഐടി ഇ & സി വകുപ്പ് മന്ത്രി കെ.ടി. രാമറാവു, ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച വിമാനത്തെ സ്വീകരിച്ചു. ഗ്രീന്‍കോ സഹസ്ഥാപകന്‍ അനില്‍ ചാലമലസെട്ടി, മഹേഷ് കൊല്ലി എന്നിവരും ആദ്യ കാര്‍ഗോ വിമാനത്തെ വരവേല്‍ക്കാന്‍ എത്തിയിരുന്നു.

ഗ്രീന്‍കോ സ്ഥാപകര്‍ക്ക് മന്ത്രി കെ.ടി. രാമറാവു നന്ദി അറിയിച്ചു. രോഗികള്‍ക്ക് ആശ്വാസം എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും ഓക്‌സിജന്‍ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

TAGS: Greenko |