തിരുവോണസായൂജ്യം നുകര്‍ന്ന് തിരുപഴഞ്ചേരി : പതിനഞ്ച് സ്‌നേഹഭവനങ്ങളുടെ ഗൃഹപ്രവേശന ചടങ്ങ് സംഘടിപ്പിച്ചു

Posted on: August 30, 2023

വലപ്പാട് : ആ പതിനഞ്ച് വീടുകളിലേക്കും തിരുവോണത്തപ്പന്‍ തിരുമധുരവുമായി കടന്നുചെന്നു. അകത്തളങ്ങളില്‍ സന്തോഷത്തിന്റെ പൂവിളിയുയര്‍ന്നു. സമത്വത്തിന്റെയും സഹോദര്യത്തിന്റെയും ഈ പൊന്നോണക്കാലത്ത് തിരുപഴഞ്ചേരി കോളനിയില്‍, സ്‌നേഹത്തിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും പുതുഗാഥ രചിക്കുകയാണ് മണപ്പുറം ഫൗണ്ടേഷന്‍. മണപ്പുറം ഗ്രൂപ്പ് ഉപ കമ്പനിയായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന്റെ സഹകരണത്തോടെ പൂര്‍ത്തീകരിച്ച പതിനഞ്ച് സ്‌നേഹഭവനങ്ങളുടെ ഗൃഹപ്രവേശന ചടങ്ങ് കോളനിയില്‍ സംഘടിപ്പിച്ചു.

ചടങ്ങിന്റെ ഉത്ഘാടനം റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ നിര്‍വഹിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിയമപരമായനടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി തിരുവോണത്തിനു മുന്‍പ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മന്ത്രി പങ്കുവെച്ചു. ‘വല്ലാത്തൊരു അനുഭവമാണിത്. ഈ വീടുകളുടെ ശിലാസ്ഥാപന കര്‍മത്തിനും ഗൃഹപ്രവേശന ചടങ്ങിനും പങ്കെടുക്കാനായത് ഏറെ സന്തോഷം നല്‍കുന്നു. ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മണപ്പുറം ഫൗണ്ടേഷനും നടപ്പിലാക്കുന്നതിനായി എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളും സര്‍വ്വ സഹായവുമായി ഭരണ നേതൃത്വവും ഉള്ളപ്പോള്‍ നമുക്ക് അപ്രാപ്യമായതൊന്നുമില്ല’. മന്ത്രി പറഞ്ഞു. ഗൃഹ പ്രവേശന ചടങ്ങില്‍ മന്ത്രി മുന്‍കൈയെടുത്തു പാലു കാച്ചി കോളനിവാസികള്‍ക്കായി നല്‍കി.

സി സി മുകുന്ദന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കോളനി നിവാസികള്‍ക്കായി മൂന്നു മാസ്സ് ലൈറ്റ് നല്‍കുമെന്ന് അദ്ദേഹം ചടങ്ങില്‍ പ്രഖ്യാപിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാര്‍, ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ഐ എ എസ് എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. വി പി നന്ദകുമാറിന്റെ മാതാവ് സരോജിനി പത്മനാഭന്റെ സ്മരണാര്‍ത്ഥം തിരുപഴഞ്ചേരി കോളനിയില്‍ നടപ്പിലാക്കുന്ന സ്വപ്ന പദ്ധതിയായ സായൂജ്യത്തിലുള്‍പ്പെടുത്തിയാണ് വീടുകള്‍ നിര്‍മിച്ചുനല്‍കിയത്. ‘പാവങ്ങളെ സഹായിക്കുന്ന അമ്മയുടെ ശീലമത്രയും കണ്ടാണ് ഞാന്‍ വളര്‍ന്നത്. മനുഷ്യസ്‌നേഹത്തോളം വലുതൊന്നുമില്ലെന്നു പഠിപ്പിച്ചതും അമ്മതന്നെ. ആ അമ്മയുടെ പേരില്‍, തിരുപഴഞ്ചേരി കോളനിയില്‍ കഴിയുന്നത്ര സഹായമെത്തിക്കാന്‍ സാധിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട് ‘. വി പി നന്ദകുമാര്‍ പറഞ്ഞു.

തുടര്‍ന്നു 250ഓളം കോളനിവാസികള്‍ക്കായി മണപ്പുറം ഫൗണ്ടേഷന്‍ ഉത്രാടസദ്യ ഒരുക്കി. മന്ത്രിയും, കളക്ടറും, എം എല്‍ എയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാര്‍ കോളനിനിവാസികള്‍ക്കൊപ്പം സദ്യയും കഴിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഞ്ജുള അരുണന്‍, മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ് ഡി ദാസ് എന്നിവര്‍ പങ്കെടുത്തു.