ലോക ഡ്വാര്‍ഫ് ഗെയിംസ് 2023ലെ ചരിത്ര വിജയത്തിന് സിനിമോള്‍ക്ക് പുതിയ വീട് സമ്മാനിച്ച് മുത്തൂറ്റ് ഫിനാന്‍സ്

Posted on: August 12, 2023

കൊച്ചി : ജര്‍മനിയിലെ കൊളോണില്‍ നടന്ന എട്ടാമത് വേള്‍ഡ് ഡ്വാര്‍ഫ് ഗെയിംസ് 2023ല്‍ അഞ്ചു മെഡലുകള്‍ നേടിയ മലയാളി താരം സിനിമോള്‍ കെ.സെബാസ്റ്റ്യന് പിന്തുണയുമായി ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ വായ്പാ എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാന്‍സ്. 120 സെന്റിമീറ്റര്‍ ഉയരമുള്ള സിനിമോള്‍ നാലു സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പടെ അഞ്ചു മെഡലുകള്‍ കരസ്ഥമാക്കിയാണ് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചത്. കൊളോണിലെ ജര്‍മന്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയിലെ ഡ്യൂവിഷ്‌ഹോച്ച്ഷ്യൂളില്‍ ജൂലൈ 28 മുതല്‍ ആഗസ്റ്റ് അഞ്ചുവരെയായിരുന്നു ഗെയിംസ്.

ഇടുക്കിയില്‍ നിന്നുള്ള 39 കാരിയായ സിനിമോള്‍ക്ക് ഫാ. സോളമന്‍ കടമ്പാട്ടുപറമ്പിലാണ് അംഗവൈകല്യമുള്ളവര്‍ക്കായുള്ള ദര്‍ശന സൊസൈറ്റിക്കു കീഴില്‍ പരിശീലനം നല്‍കിയത്. വിവിധ ഇനങ്ങളിലെ പ്രകടനങ്ങള്‍ക്കാണ് സിനിമോള്‍ക്ക് അഞ്ചു മെഡലുകള്‍ ലഭിച്ചത്. നീന്തല്‍ (ഫ്രീസ്‌റ്റൈല്‍ 25 മീറ്റര്‍, 50 മീറ്റര്‍), ജാവലിന്‍ ത്രോ, ഡിസ്‌ക്കസ് ത്രോ എന്നിവയില്‍ നാലു സ്വര്‍ണവും ഷോട്ട്പുട്ടില്‍ വെള്ളിയും കരസ്ഥമാക്കി. ഇന്ത്യന്‍ സംഘത്തിന്റെ പതാക വാഹക കൂടിയായിരുന്നു കേരളത്തിന്റെ ഈ താരം.

സിനിമോളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനായി മുത്തൂറ്റ് ഫിനാന്‍സ് കൊച്ചി ഹെഡ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് സിനിമോള്‍ക്ക് മെമന്റോ സമ്മാനിച്ചു. പരമ്പരാഗത ചെണ്ടമേളവും സ്വീകരണത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. സിനിമോള്‍ക്ക് പുതിയൊരു വീടും നല്‍കുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് ആഹ്വാനം ചെയ്തിട്ടുണ്ട്. ലോക ഡ്വാര്‍ഫ് ഗെയിംസ് 2023ല്‍ നേട്ടങ്ങളിലേക്ക് എത്തുന്നതിനായി സിനിമോള്‍ നേരിടേണ്ടി വന്ന കഷ്ടപ്പാടുകള്‍ക്ക് പ്രതിഫലമായാണ് ഈ സമ്മാനം. കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സിനിമോളുടെയും സഹോദരന്റെയും എല്ലാ യാത്രാ ചെലവുകളും വഹിച്ചത് മുത്തൂറ്റ് ഫിനാന്‍സാണ്.

ജര്‍മനിയിലെ ലോക ഡ്വാര്‍ഫ് ഗെയിംസ് 2023ലെ സിനിമോളുടെ ചരിത്രവിജയം അഭിമാനം നല്‍കുന്നുവെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. പുതിയൊരു വീട് നല്‍കി അവരുടെ അസാധാരണ യാത്രയില്‍ ചെറിയൊരു പങ്കു വഹിക്കാനായതില്‍ സന്തോഷമുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെയും അവസരങ്ങളുടെയും വെല്ലുവിളികളാണ് മികവുറ്റ അത്‌ലറ്റുകളെ സൃഷ്ടിക്കുന്നതില്‍ തടസമുണ്ടാക്കുന്നത്. കായിക രംഗത്തിന് പിന്തുണ നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സ്‌പോര്‍ട്‌സ് ദേശീയ അഭിമാനവും ഐക്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നുവെന്നും ചടങ്ങില്‍ സിനിമോളെ അഭിനന്ദിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

ലോക ഡ്വാര്‍ഫ് ഗെയിംസ് 2023ല്‍ അസാധാരണ പ്രകടനം കാഴ്ചവച്ച സിനിമോള്‍ കെ.സെബാസ്റ്റ്യനെ അഭിനന്ദിക്കുന്നുവെന്നും അവരുടെ അര്‍പ്പണവും ആവേശവും എല്ലാവര്‍ക്കും പ്രോല്‍സാഹനമാണെന്നും മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം.ജോര്‍ജ് പറഞ്ഞു. ഒരു കായിക താരമെന്ന നിലയില്‍ സിനിമോള്‍ എല്ലാ പരിമിതികളെയും മറികടന്ന് മികച്ച പ്രകടനം കാഴ്ച വെച്ചു. പുതിയൊരു വീട് നല്‍കി അവരുടെ അസാധാരണ യാത്രയില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗെയിംസിലെ വിജയത്തില്‍ താന്‍ ശരിക്കും ആഹ്‌ളാദഭരിതയാണെന്നും രാജ്യത്തിനായി കൂടുതല്‍ വലിയ നേട്ടങ്ങള്‍ കൊയ്യാനുള്ള പ്രചോദനമായി ഇത് മാറുമെന്നും സിനിമോള്‍ പറഞ്ഞു. നിശ്ചയദാര്‍ഢ്യത്തിന്റെയും അചഞ്ചലമായ പിന്തുണയുടെയും തെളിവാണ് ഈ വിജയം. കുടുംബാംഗങ്ങള്‍, കൂട്ടുകാര്‍, പരിശീലകര്‍, സ്‌പോണ്‍സര്‍ മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ എല്ലാവരും നല്ല പിന്തുണ നല്‍കി. ലോക ഡ്വാര്‍ഫ് ഗെയിംസിലുടനീളം മുത്തൂറ്റ് ഫിനാന്‍സ് ഏറെ പിന്തുണ നല്‍കിയെന്നും പുതിയ വീടിനും സ്‌പോണ്‍സര്‍ഷിപ്പിനും നന്ദിയുണ്ടെന്നും സിനിമോള്‍ കൂട്ടിച്ചേര്‍ത്തു.