കളക്ട്രേറ്റില്‍ പുതിയ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിച്ചുനല്‍കി മണപ്പുറം ഫിനാന്‍സ്

Posted on: July 13, 2023

തൃശൂര്‍ : മണപ്പുറം ഫിനാന്‍സിന്റെ സാമ്പത്തിക സഹായത്തോടെ തൃശൂര്‍ കളക്ട്രേറ്റില്‍ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉത്ഘാടനം റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ നിര്‍വഹിച്ചു. വലിയ യോഗങ്ങളുള്‍പ്പടെ നടത്താന്‍ പര്യാപ്തമായ കോണ്‍ഫറന്‍സ് ഹാള്‍ ഒരുക്കി നല്‍കിയതില്‍ മണപ്പുറം ഫിനാന്‍സിനോടുള്ള നന്ദി അദ്ദേഹം അറിയിച്ചു.

മണപ്പുറം ഫിനാന്‍സിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയിലുള്‍പ്പെടുത്തിയാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രധാന വിഭാഗങ്ങള്‍ നവീകരിച്ചത്. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ഐഎഎസ് അധ്യക്ഷത വഹിച്ചു. മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുമിത നന്ദന്‍ മുഖ്യാഥിതിയായിരുന്നു. ‘കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാള്‍ നവീകരിച്ചു നല്‍കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.

തിരുപഴഞ്ചേരി കോളനിയുടെ നവീകരണം ഏറ്റെടുത്ത മണപ്പുറത്തിന്, കളക്ടര്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ ഭാഗത്തുനിന്നും നിര്‍ലോഭമായ പിന്തുണയാണ് ലഭിച്ചത്. ജില്ലാ ഭരണകൂടവുമായി സഹകരിച്ചു സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ മണപ്പുറം ഫിനാന്‍സിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്.’ സുമിത നന്ദന്‍ പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ് ഐഎഎസ്, അസിസ്റ്റന്റ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി ഐഎഎസ്, പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജി പി വി, അജിത്ത് എ പി, അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മുരളി ടി, മണപ്പുറം ഫിനാന്‍സ് സീനിയര്‍ പിആര്‍ഒ അഷ്റഫ് കെ എം എന്നിവര്‍ പങ്കെടുത്തു.