മണപ്പുറം ഫിനാന്‍സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ സഹായത്തോടെ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി

Posted on: June 27, 2023

 

വലപ്പാട് : മണപ്പുറം ഫിനാന്‍സ് ജീവനക്കാരുടെ ക്ഷേമ സംഘടനയായ മണപ്പുറം ഫിനാന്‍സ് വെല്‍ഫയര്‍ ട്രസ്റ്റ് സഹപ്രവര്‍ത്തകയ്ക്കു നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി പി നന്ദകുമാറും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുമിത നന്ദനും ചേര്‍ന്നാണ് സുമിത കെ എസിന് പുതിയ വീടിന്റെ താക്കോല്‍ കൈമാറിയത്.

സാമൂഹിക സേവന ലക്ഷ്യമിട്ട് ജീവനക്കാരുടെ നേതൃത്വത്തില്‍ 2019ല്‍ നിലവില്‍ വന്ന മണപ്പുറം സ്റ്റാഫ് വെല്‍ഫെയര്‍ ട്രസ്റ്റില്‍ മണപ്പുറം ഗ്രൂപ്പിലെ 45,000ഓളം ജീവനക്കാര്‍ അംഗങ്ങളാണ്. ഇവരില്‍ സമാഹരിച്ച ധനസഹായം ഉപയോഗിച്ചാണ് ട്രസ്റ്റ് വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

കോവിഡ് മൂലം ഭര്‍ത്താവിനെ നഷ്ടമായ സുമിത കെ എസിന്റെയും ഏക മകളുടേയും സംരക്ഷണത്തിന് സഹപ്രവര്‍ത്തകരുടെ കരുതലായാണ് വീടു നിര്‍മ്മിച്ചു നല്‍കിയത്. ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് സ്റ്റാഫ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി സതീഷ് കുമാര്‍ എം, സെക്രട്ടറിയും ട്രസ്റ്റിയുമായ ഡോ. രഞ്ജിത്ത് പി ആര്‍, ട്രസ്റ്റീമാരായ വിജയകുമാര്‍ എ ബി, ഷൈജു സോമന്‍, എ ജി എം ദിയ ഹരി എന്നിവര്‍ പങ്കെടുത്തു.