മണപ്പുറം ഫൗണ്ടേഷന്‍ വീട് നിര്‍മിച്ചു നല്‍കി

Posted on: April 6, 2023

തൃശൂര്‍ : ഭര്‍ത്താവിന്റെ അകാലമരണം തീര്‍ത്ത പ്രതിസന്ധിയില്‍പെട്ട പ്രീതയ്ക്ക് സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബ്ബും. മണപ്പുറം ഫൗണ്ടേഷന്റെ സാമ്പത്തിക സഹകരണത്തോടെ ലയണ്‍സ് ക്ലബ്ബ് നടത്തിവരുന്ന ഹോം ഫോര്‍ ഹോംലെസ്സ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ സുഷമ നന്ദകുമാര്‍ നിര്‍വഹിച്ചു.

മുള്ളൂര്‍ക്കര ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പി കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ നിര്‍ധനര്‍ക്കും വിധവകള്‍ക്കുമായി ലയണ്‍സ് ക്ലബ്ബ് വിഭാവനം ചെയ്യുന്ന ബൃഹത് പദ്ധതിയാണ് ഹോം ഫോര്‍ ഹോംലെസ്സ്. പദ്ധതിക്കു കീഴില്‍ ഇതിനോടകം നിരവധി വീടുകളാണ് നിര്‍മിച്ചു നല്‍കിയത്. തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലായി നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളും ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്.

ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ചീഫ് കോര്‍ഡിനേറ്റര്‍ കെ എം അഷ്റഫ്, മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗം ഹെഡ് ശില്പ, ഹംസ മുഹമ്മദ് ആലി, ജയന്‍ മാത്യു, മുള്ളൂര്‍ക്കര ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി രാജേഷ് കപ്പാരത്ത്, റീജണല്‍ ചെയര്‍മാന്‍ അഡ്വ. ജയപ്രകാശ്, മേഖലാ ചെയര്‍മാന്‍ ഡോ. വേണുഗോപാല്‍, ട്രഷറര്‍ പ്രഭാകരന്‍ എന്നിവര്‍ സംബന്ധിച്ചു.