ഗിരിജാഭവനം നിര്‍മിച്ചു നല്‍കി ലയണ്‍സ് ക്ലബ്ബ്

Posted on: March 30, 2023

തൃശൂര്‍: ഭാര്യക്കും മകള്‍ക്കും അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള ഒരു വീട്. അതായിരുന്നു വെങ്ങിണിശ്ശേരി ഏറാട്ട് ഉണ്ണികൃഷ്ണന്റെ ആഗ്രഹം. ആ ആഗ്രഹപൂര്‍ത്തീകരണത്തിന് പക്ഷേ വിധി സമ്മതിച്ചില്ല. ഉണ്ണികൃഷ്ണന്റെ പ്രതീക്ഷകള്‍ക്കുമേല്‍ അകാലമരണം കരിനിഴല്‍ വീഴ്ത്തി. ഉണ്ണികൃഷ്ണന്റെ മരണം തീര്‍ത്ത ശൂന്യത ഭാര്യ ഗിരിജക്ക് മുന്‍പില്‍ ചോദ്യചിഹ്നമായി മാറി.

ഏതു നിമിഷവും പൊളിഞ്ഞുവീഴാറായ വീടിനുള്ളില്‍ മകളെയും കൊണ്ട് എത്രനാള്‍ കഴിയുമെന്ന അങ്കലാപ്പിലായി ഗിരിജ. വിഷയം ലയണ്‍സ് ക്ലബ്ബിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ പിന്നീടെല്ലാം ശരവേഗത്തിലായിരുന്നു. നിര്‍ദ്ധനര്‍ക്കുവേണ്ടി ലയണ്‍സ് ക്ലബ്ബ് നടത്തിവരുന്ന ഹോം ഫോര്‍ ഹോംലസ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനം ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ സുഷമ നന്ദകുമാര്‍ നിര്‍വഹിച്ചു. കോടന്നൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഷണ്മുഖന്‍ അധ്യക്ഷത വഹിച്ചു.

സമൂഹത്തിലെ നിരാലംബര്‍ക്കും വിധവകള്‍ക്കും കൈത്താങ്ങാകുന്ന, ലയണ്‍സ് ക്ലബ്ബിന്റെ സ്വപ്ന പദ്ധതിയായ ഹോം ഫോര്‍ ഹോംലസിന്റെ കീഴില്‍ നിരവധി വീടുകളാണ് ഇതിനോടകം നിര്‍മിച്ചു നല്‍കിയത്. വിധിയുടെ ക്രൂരതയ്ക്ക് മുന്നില്‍ അന്ധാളിച്ചു നില്‍ക്കുന്ന പാവങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ടു ലയണ്‍സ് ക്ലബ് അധികൃതര്‍, ഉറവ വറ്റാത്ത മനുഷ്യസ്നേഹത്തിന്റെ പുതു ചരിത്രം സൃഷ്ടിക്കുകയാണ്. ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ചീഫ് കോര്‍ഡിനേറ്റര്‍ കെ എം അഷ്റഫ്, മണപ്പുറം ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് മൊറേലി, പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത സുഭാഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയിംസ് പി പോള്‍, വാര്‍ഡ് മെമ്പര്‍ ജുബി മാത്യു, കോടന്നൂര്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി രമേഷ് ടി എസ്, ട്രഷറര്‍ ബൈജു ഇ എ, ക്ലബ്ബ് ഭാരവാഹികളായ എം കെ ശിവദാസന്‍, ജയകൃഷ്ണന്‍, സുരേഷ്ബാബു എന്നിവര്‍ പങ്കെടുത്തു.