ആസ്റ്റര്‍ വോളന്റിയേഴ്സ് മൊബൈല്‍ മെഡിക്കല്‍ സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു

Posted on: June 1, 2022

കണ്ണൂര്‍ : ആസ്റ്റര്‍ വോളന്റിയേഴ്സിന്റെ നേതൃത്വത്തില്‍ സല്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും യു എ ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്കാഫ് ഇവന്റ്‌സിന്റെയും സഹകരണത്തോടെ ആസ്റ്റര്‍ മിംസ് ആശുപത്രി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഗ്രാമീണര്‍ക്കായി സൗജന്യ വൈദ്യ സഹായം ലഭ്യമാകുന്നതിനായി സഞ്ചരിക്കുന്ന ആശുപത്രി സംവിധാനം ആരംഭിച്ചു . പ്രത്യേകം രൂപകല്പന ചെയ്ത അത്യാധുനിക ഉപകരണങ്ങള്‍ സജീകരിച്ച ബസ്സില്‍ ആണ് മെഡിക്കല്‍ സേവനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

പൊതുജനങ്ങളുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. തികച്ചും സൗജന്യമായി പൊതുജനങ്ങള്‍ക്ക് വൈദ്യ സഹായം നല്‍കുന്ന ഇത്തരം സംരംഭങ്ങള്‍ സമൂഹത്തിനാകെ മാതൃകയാണെന്ന് പദ്ധതി ഉത്ഘാടനം ചെയ്തുകൊണ്ട് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

ചടങ്ങില്‍ സല്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും, ആസ്റ്റര്‍ മിംസ് ഡയറക്ടറുമായ സലാഹുദ്ദീന്‍ എം അദ്ധ്യക്ഷത വഹിച്ചു. അക്കാഫ് വൈസ് പ്രസിഡണ്ട് അഡ്വ. ഹാഷിക് തൈക്കണ്ടി പദ്ധതി വിശദീകരിച്ചു.

ആസ്റ്റര്‍ കേരള ആന്‍ഡ് ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍, എഞ്ചിനിയര്‍ അബ്ദുള്‍ റഹിമാന്‍, വി. പി. ഷറഫുദ്ദീന്‍, ഡോ. മുരളിഗോപാല്‍, ഡോ. സൂരജ് കെ. എം, ശ്രീ. രഞ്ജിത്ത് കോടോത്ത്, ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍, ആസ്റ്റര്‍ സിഎസ്ആര്‍ മേധാവി ജലീല്‍ പി എ, റോട്ടറി ക്ലബ്ബ് ഭാരവാഹി സുധാകരന്‍, ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്‍ സീനിയര്‍ മാനേജര്‍ ലത്തീഫ് കാസിം തുടങ്ങിയവര്‍ സംസാരിച്ചു.