കൂട്ടിക്കലിന് സഹായഹസ്തവുമായി മമ്മൂട്ടി

Posted on: October 22, 2021

കോട്ടയം : ദുരന്തത്തില്‍ അടിപതറിയ സഹോദരങ്ങള്‍ക്ക് വലിയ സഹായവുമായി മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടി. തന്‍ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയാണ് മമ്മൂട്ടി കൂട്ടിക്കലിലെ ജനതയെ ചേര്‍ത്ത് പിടിക്കുന്നത്.

മമ്മൂട്ടി തന്നെ നേരിട്ട് ഏര്‍പ്പാട് ചെയ്ത വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘം രാവിലെയോടെ കൂട്ടിക്കലില്‍ എത്തിസേവനം തുടങ്ങി. ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ടും ശ്വാസകോശരോഗ വിദഗ്ധനുമായ ഡോ. സണ്ണി പി.ഒരത്തിലിന്റ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയിരിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരും നിരവധി ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമായാണ് സംഘം എത്തിയിരിക്കുന്നത്.

പത്തുകുടുംബങ്ങള്‍ക്ക് ഒന്ന് വീതം ജലസംഭരണിവച്ച് നൂറ് ജലസംഭരണികള്‍ മമ്മൂട്ടി കൂട്ടിക്കലില്‍ എത്തിച്ചു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെഎല്ലാവര്‍ക്കും ലഭിക്കത്തക്കവിധം പുതിയ വസ്ത്രങ്ങള്‍, പുതിയ പാത്രങ്ങള്‍, കിടക്കകള്‍ തുടങ്ങിനിരവധി ഉത്പന്നങ്ങള്‍ ഉള്‍പ്പെടുന്ന തുണികിറ്റുകള്‍ രണ്ടായിരത്തില്‍ അധികം വിതരണത്തിന് എത്തിച്ചിട്ടുണ്ട്.

ദുരന്തത്തിനു പിറ്റേന്ന് രാവിലെ തന്നെ കെയര്‍ ആന്‍ഡ് ഷെയര്‍മാനേജിംഗ് ഡയറക്ടര്‍ ഫാ.തോമസ് കുര്യന്‍ മരോട്ടിപ്പുഴയെയും സംഘത്തിനെയും മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു. അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് സഹായങ്ങള്‍ എത്തിക്കുന്നത്. ഇപ്പോള്‍ ചെയ്യുന്ന സേവനങ്ങള്‍ അടിയന്തരസേവനം ആണെന്നും കൂടുതല്‍ സഹായങ്ങള്‍ വരുംദിവസങ്ങളില്‍ ദുരന്തബാധിതരില്‍ എത്തിക്കുമെന്നും കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.

ദുരന്തസ്ഥലത്ത് കെയര്‍ ആന്‍ഡ് ഷെയര്‍ സംഘടനയുടെ പ്രവര്‍ത്തങ്ങള്‍ മമ്മൂട്ടി നേരിട്ടാണ് നിയന്ത്രിക്കുന്നത്. അതേ സമയം മമ്മൂട്ടിയുടെ കാനഡയിലെയും അമേരിക്കയിലെയും ആരാധക കൂട്ടംമായ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ്‌വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകരും കെയര്‍ ആന്‍ഡ് ഷെയര്‍ വഴിസഹായം എത്തിക്കുന്നുണ്ട്.