രവി പിള്ള ഫൗണ്ടേഷന്റെ ധനസഹായ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

Posted on: August 9, 2021

തിരുവനന്തപുരം : കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി രവി പിള്ള ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച 15 കോടി രൂപയുടെ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചിങ്ങം ഒന്ന് ഓഗസ്റ്റ് 17 നാണ് സാന്ത്വനം 2021 ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയെന്ന് രവി പിള്ള അറിയിച്ചു. നോര്‍ക്ക റൂട്ട്സ് വഴിയും ഫൗണ്ടേഷനില്‍ നേരിട്ടും ലഭിച്ച രണ്ടര ലക്ഷത്തോളം അപേക്ഷകള്‍ വിശകലനം ചെയ്ത് അനുകമ്പാര്‍ഹമായ എല്ലാവര്‍ക്കും സഹായം നല്‍കുവാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നു രവി പിള്ള പറഞ്ഞു.

വളരെയേറെ തിരക്കുകള്‍ക്കിടയിലും ഇത്രയേറെ അപേക്ഷകള്‍ ആര്‍പി ഫൗണ്ടേഷനിലെത്തിക്കാന്‍ വിലയേറിയ സമയം ചിലവഴിച്ചു പ്രയത്‌നിച്ച എംപി, എംഎല്‍എ മാരടങ്ങിയ ജനപ്രതിനിധികള്‍ക്കു അദ്ദേഹം നന്ദി രേഖപ്പെടുത്തി. 17ന് തുടങ്ങിവയ്ക്കുന്ന സഹായവിതരണം വരും മാസങ്ങളില്‍ തുടര്‍ന്ന് എത്രയും വേഗം അര്‍ഹതപ്പെട്ടവരിലേക്കെത്തിക്കാന്‍ ശ്രമിക്കുമെന്നും രവി പിള്ള അറിയിച്ചു.

അപേക്ഷകള്‍ വിശദമായി പരിശോധിക്കാനും അനുയോജ്യമായ സഹായങ്ങളെത്തിക്കാന്‍ 200 ഓളം പേരടങ്ങുന്ന ഒരു പ്രത്യേക സംഘമാണ് പ്രവര്‍ത്തിക്കുന്നത്. അപേക്ഷകളിലെ ആവശ്യങ്ങളെ മുന്‍ഗണനാടിസ്ഥാനത്തില്‍ തരംതിരിച്ചാണ് ധനസഹായ വിതരണം നടത്തുന്നത്.