ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കോവിഡ്-19 വാക്‌സിനേഷന്‍ ഡ്രൈവുമായി യുഎസ് ടി കൊച്ചി

Posted on: June 19, 2021

കൊച്ചി : ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഓഫീസില്‍ വെച്ചാണ് ജീവനക്കാര്‍ക്കൊപ്പം അവരുടെ പങ്കാളികള്‍ക്കും 18 വയസ്സിനു മുകളില്‍ പ്രായമുള്ള മക്കള്‍ക്കുമായി സൗജന്യ വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചത്. ജൂണ്‍ 17 വ്യാഴം മുതല്‍ ജൂണ്‍ 19 ശനി വരെ മൂന്നുദിവസമാണ് വാക്‌സിനേഷന്‍ ഡ്രൈവ് നടക്കുന്നത്. രാജ്യമെമ്പാടുമുള്ള 15,000-ത്തില്‍പ്പരം ജീവനക്കാര്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുന്നുണ്ട്. കൊച്ചിക്കു പുറമേ തിരുവനന്തപുരം, ബെംഗളൂരു, പുണെ, ഹൈദരാബാദ്, കോയമ്പത്തൂര്‍, നോയ്ഡ, ചെന്നൈ ഓഫീസുകളിലും പ്രതിരോധ കുത്തിവെപ്പ് പരിപാടി നടക്കുന്നുണ്ട്. എണ്ണായിരത്തിലേറെ ജീവനക്കാരാണ് കേരളത്തിലുള്ളത്. കൊച്ചിയില്‍ മാത്രം രണ്ടായിരത്തില്‍പ്പരം ജീവനക്കാരുണ്ട്.

സര്‍ക്കാരുകള്‍, ആശുപത്രികള്‍, ദുരിതാശ്വാസ പ്രവര്‍ത്തകര്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ എന്നിവയുമായി യോജിച്ചാണ് മഹാമാരിക്കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎസ് ടി മുന്നിട്ടിറങ്ങുന്നത്. കുറഞ്ഞത് 10 കോടി രൂപയാണ് കമ്പനി ഇതിനായി വകയിരുത്തിയിട്ടുള്ളത്.

മെഡിക്കല്‍ സാമഗ്രികള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാനും കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കാനും ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള സംഭാവനകളെക്കൂടി കമ്പനി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജീവനക്കാരുടെ സംഭാവനയ്ക്ക് തുല്യമായ തുക കമ്പനിയും നീക്കിവെയ്ക്കും.

കോവിഡ് ബാധിച്ച് മരണമടയുന്ന ജീവനക്കാരുടെ ശമ്പളം അവരുടെ കുടുംബത്തിന് തുടര്‍ന്നും നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മരണമടഞ്ഞ ദിവസം മുതല്‍ രണ്ടുവര്‍ഷം വരെയാണ് ഇത് ലഭിക്കുന്നത്. യുഎസ്ടി ഗ്രൂപ്പ് ലൈഫ് ഇന്‍ഷുറന്‍സിനും നിയമ പ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമെയാണിത്.