ജോമോൻ ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷൻ വീട് നിർമ്മിച്ച് നൽകി

Posted on: February 1, 2021

കാലടി : അന്തരിച്ച ശ്രീലങ്കന്‍ കോണ്‍സുലാര്‍ ജോമോന്‍ ജോസഫ് എടത്തലയുടെ സ്മരണയ്ക്കായി രൂപവത്ക്കരിച്ച ജോമോന്‍ ജോസഫ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ഭവന നിര്‍മാണ പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോല്‍ദാനം കാലടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ബി. ലത്തീഫ് നിര്‍വഹിച്ചു.

ഇല്ലിത്തോട് സ്വദേശി ബിജു തെക്കേകാരുമാക്കിയിലിന്റെ കുടുംബത്തിനാണ് വീട് കൈമാറിയത്. യോഗം പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ലൈജി ബിജു, എ.പി.ജെ. ഗ്രൂപ്പ് എക്സിക്യുട്ടീവ് ഓഫീസര്‍ വി.എല്‍. ഷിജില്‍, ടി.എസ്. ബൈജു, സജീവ് ചന്ദ്രന്‍, സന്തോഷ് പീതാംബരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മറ്റ് വീടുകളുടെ നിര്‍മാണം പുരോഗതിയിലാണെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോസഫ് ജോമോന്‍ അറിയിച്ചു. ഹൈബി ഈഡന്‍ എം.പി.യുടെ തണല്‍ പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം ഒരു വീട് ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കിയിരുന്നു. പ്രളയത്തില്‍ ദുരിതമനുഭവിച്ച അറുനൂറോളം കുടുംബങ്ങള്‍ക്ക് എ.പി.ജെ. ഗ്രൂപ്പ് 25 ലക്ഷം രൂപയുടെ സഹായം നല്‍കുകയും ചെയ്തിരുന്നു.