നിര്‍ധനര്‍ക്ക് ആശ്വാസമായി ഇഖ്റ കിഡ്നി കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍

Posted on: November 2, 2020

കോഴിക്കോട്: വൃക്കരോഗ ചികിത്സയ്ക്കും ഗവേഷണങ്ങള്‍ക്കുമായി മലബാര്‍ ഗ്രൂപ്പിന്റെ സാമ്പത്തിക സഹായത്തോടെ അത്യാധുനിക സംവിധാനങ്ങളുമായി കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ ആരംഭിച്ച ‘ഇഖ്റ കിഡ്നി കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. നിര്‍ധനരായ വൃക്ക രോഗബാധിതര്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സയും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയും ലക്ഷ്യമിട്ട് സ്ഥാപിച്ച കേരളത്തിലെ ഏറ്റവും വലിയ വൃക്ക രോഗ ചികിത്സാ കേന്ദ്രമാണിത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കോവിഡ് ബാധിതരായ വൃക്കരോഗികള്‍ക്കുള്ള പ്രത്യേക ചികിത്സാ സൗകര്യവും ഇവിടെയുണ്ട്.

സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ആനൂകൂല്യങ്ങള്‍ ഇവിടെയുള്ള ചികിത്സകള്‍ക്ക് ലഭ്യമാക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇഖ്റ കിഡ്നി കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാന്‍ സഹായങ്ങള്‍ നല്‍കിയ മലബാര്‍ ഗ്രൂപ്പ് അഭിനന്ദനമര്‍ഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.പി.മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവന്‍, എം.എല്‍.എ.മാരായ എ. പ്രദീപ് കുമാര്‍, ഡോ. എം.കെ. മുനീര്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജിഷാ ഗിരീഷ്, കളക്ടര്‍ എസ്. സാംബശിവ റാവു, ജെ.ഡി.ടി. പ്രസിഡന്റ് സി.പി. കുഞ്ഞുമുഹമ്മദ്, ഇഖ്റ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി.സി. അന്‍വര്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, ‘തണല്‍’ ചെയര്‍മാന്‍ ഡോ. ഇദ്രിസ് എന്നിവര്‍ സംസാരിച്ചു. 12 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെയുള്ള 10 നില കെട്ടിടം മലബാര്‍ഗ്രൂപ്പ് നിര്‍മിച്ചുനല്‍കിയത്. തണല്‍ വടകരയെയും ചടങ്ങില്‍ അനുമോദിച്ചു.

TAGS: Iqraa |