വിദ്യ എൻജിനീയറിംഗ് കോളേജിൽ സ്‌കോളർഷിപ്പ് വിതരണം ചെയ്തു

Posted on: May 13, 2019

തൃശൂർ : കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജിൽ 2018-2019 അക്കാദമിക് വർഷത്തെ എൻഡോവ്‌മെൻറ് സ്‌കോളർഷിപ്പ് വിതരണം ചെയ്തു. വിദ്യ കോളേജ് 2003 ൽ ആരംഭിച്ചത് മുതൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്കാണ് വിദ്യ ഇൻറർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിൻറെ നേതൃത്വത്തിൽ സ്‌കോളർഷിപ്പ് നൽകുന്നത്.

കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് മണപ്പുറം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യ ഇൻറർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുധാകരൻ പോളശ്ശേരി അധ്യക്ഷനായി.

മിടുക്കരായ വിദ്യാർത്ഥികൾക്ക് പഠിക്കാൻ സാഹചര്യം ഒരുക്കുന്ന വിദ്യ ഇൻറർനാഷൽ ചാരിറ്റബിൾ ട്രസ്റ്റ് മറ്റ് എൻജിനീയറിംഗ് മാനേജ്‌മെൻറുകൾക്ക് മാതൃകയാണെന്ന് മണപ്പുറം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.പി നന്ദകുമാർ പറഞ്ഞു. പഠനത്തോടൊപ്പം കാലാനുസൃതമായ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതിന് വിദ്യാത്ഥികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്കാദമിക് സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് ഒരുക്കുകയും അവരുടെ കഴിവുകൾ പരിപോഷിപ്പിച്ചു ജീവിതനിലവാരം ഉയർത്തുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യമെന്ന് ചെയർമാൻ സുധാകരൻ പോളശ്ശേരി പറഞ്ഞു. വർഷം തോറും രണ്ട് കോടിയോളം രൂപയാണ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നത്.