സൈൻസ് ഫിലിംഫെസ്റ്റ് : സഞ്ചരിക്കുന്ന പ്രദർശനങ്ങൾക്ക് തുടക്കമായി

Posted on: September 23, 2016

signs-film-fest-2016-big

കൊച്ചി : സൈൻസ് ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിൽ സഞ്ചരിക്കുന്ന പ്രദർശനങ്ങൾക്ക് തുടക്കമായി. സെപ്റ്റംബർ 28 ബുധനാഴ്ചയാണ് ഹ്രസ്വചിത്ര, ഡോക്യുമെന്ററി മേളയായ സൈൻസ് തുടങ്ങുന്നത്. ഫെഡറേഷൻ ഓഫ് ഫിലിംസൊസൈറ്റി ഓഫ് ഇന്ത്യ, കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസത്തെ മേളയിൽ ഹ്രസ്വചിത്ര, ഡോക്യുമെന്ററി വിഭാഗങ്ങളിലായി 200 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

സൈൻസ് പത്താം ലക്കത്തിന്റെ പ്രചരണാർത്ഥമാണ് സഞ്ചരിക്കുന്ന പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്. യു സി കോളേജ് ആലുവ, അമൃത കോളേജ് ഇടപ്പള്ളി, എറണാകുളം പബ്ലിക് ലൈബ്രറി, ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് എന്നിവിടങ്ങളിലാണ് സഞ്ചരിക്കുന്ന പ്രദർശനങ്ങൾ സംഘടിപ്പിച്ചത്. ഹ്രസ്വചിത്രം, ഡോക്യുമെന്ററി എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങൾക്ക് മനസിലാക്കിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് പ്രദർശനങ്ങൾ. കൂടാതെ സെന്റ് ആൽബർട്ട്‌സ് കോളേജ്, ഗവൺമെന്റ് ലോ കോളേജ്, മഹാരാജാസ് കോളേജ്, സേക്രഡ്ഹാർട്ട് കോളേജ് തേവര, ഫോർട്ട് കൊച്ചി വാസ്‌കോ ഡി ഗാമ സ്‌ക്വയർ എന്നിവിടങ്ങളിലും പ്രദർശനമുണ്ടാകും.

യു സി കോളേജിൽ നടന്ന പരിപാടിയിൽ കിസ്മത്ത് എന്ന ചിത്രത്തിന്റെ സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടിയായിരുന്നു മുഖ്യാതിഥി. രാകേഷ്ശർമ്മ, പ്രമോദ് പതി എന്നിവരുടെ ചിത്രങ്ങളുടെ കഴിഞ്ഞ കാലമാണ് പ്രധാനമായും സൈൻസിൽ വരച്ചു കാട്ടുന്നത്. ഇതിനു പുറമെ ഇറാനിയൻ ഫിലിം മേക്കറായ അബാസ് കിയാരോസ്റ്റാമി, സാഹിത്യകാരി മഹാശ്വേതാദേവി, സംവിധായകൻ ബാല കൈലാസം എന്നിവർക്കുള്ള ആദരാഞ്ജലിയും സൈൻസിലുണ്ടാകും.

ഡയറക്ടേഴ്‌സ് പിക് എന്ന ദൈർഘ്യമുള്ള ഡോക്യുമെന്ററി, ആർട്ടിസ്റ്റ് സിനിമ എന്ന പേരിലുള്ള ആഫ്രിക്കൻ ഡോക്യുമെന്ററി ചിത്രങ്ങൾ, പ്രേമേന്ദ്ര മജൂംദാർ തയാറാക്കിയ ഹ്രസ്വചിത്ര പാക്കേജ്, ഹൈക്കു ചലച്ചിത്രമേളയിൽ പുരസ്‌കാരം നേടിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ബെസ്റ്റ് ഓഫ് ഇൻസൈറ്റ്‌സ് എന്നിവയും സൈൻസിൽ ഉൾപ്പെടുന്നു. 25 ഇന്ത്യൻ ഭാഷകളിലുള്ള ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. മേളയുടെ ഭാഗമായി സെമിനാറുകളും ചലച്ചിത്ര പ്രവർത്തകരുമായുള്ള ഓപ്പൺ ഫോറവും നടക്കുന്നുണ്ട്.

TAGS: SiGNS FESTIVAL |