ആക്‌സിസ് നിഫ്റ്റി ബാങ്ക് ഇന്‍ഡക്‌സ് ഫണ്ട് അവതരിപ്പിച്ചു

Posted on: May 3, 2024

കൊച്ചി: ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ ശക്തമായ വളര്‍ച്ച ഉപയോഗപ്പെടുത്തുന്നതിന് ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ ഫണ്ട് ഓഫറായ (എന്‍എഫ്ഒ) ആക്‌സിസ് നിഫ്റ്റി ബാങ്ക് ഇന്‍ഡക്‌സ് ഫണ്ട് അവതരിപ്പിച്ചു. നിക്ഷേപകര്‍ക്ക് പ്രമുഖ ഇന്ത്യന്‍ ബാങ്കുകളുടെ വളര്‍ച്ചയില്‍ പങ്കാളികളാകുന്നതിനുള്ള അവസരമൊരുക്കാന്‍ ഈ ഓപ്പണ്‍-എന്‍ഡ് ഇന്‍ഡക്‌സ് ഫണ്ട് നിഫ്റ്റി ബാങ്ക് ടിആര്‍ഐ പിന്തുടരാനാണ് ലക്ഷ്യമിടുന്നത്.

എന്‍എഫ്ഒ സബ്‌സ്‌ക്രിപ്ഷന്‍ 2024 മെയ് 3ന് ആരംഭിച്ച് മെയ് 17ന് അവസാനിക്കും. 500 രൂപയാണ് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. കാര്‍ത്തിക് കുമാര്‍, ആഷിക് നായിക് എന്നവരാണ് ഫണ്ട് മാനേജര്‍മാര്‍.

ആക്‌സിസ് നിഫ്റ്റി ബാങ്ക് ഇന്‍ഡക്‌സ് ഫണ്ട് ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ബാങ്കിംഗ് കമ്പനികളുടെ വൈവിധ്യമാര്‍ന്ന മിശ്രിതം ഉള്‍പ്പെടുത്തിക്കൊണ്ട് ഈ മേഖലയുടെ വളര്‍ച്ചയില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ നിക്ഷേപ മാര്‍ഗമായിരിക്കുമെന്നും ആക്‌സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി. ഗോപ്കുമാര്‍ പറഞ്ഞു.